
രോഹന്‍ ബൊപ്പണ്ണയുടെ വളര്‍ച്ച ഏറെക്കാലമായി അടുത്തുനിന്നു കാണുന്നയാളാണ് മലയാളി പരിശീലകന്‍ ബാലചന്ദ്രന്‍ മാണിക്കത്ത്. ടെന്നീസിലെ മുന്‍ ദേശീയചാമ്പ്യനും കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയുമായ ബാലചന്ദ്രന്‍ രോഹന്റെ കോച്ചും സഹപ്രവര്‍ത്തകനുമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിനൊപ്പമുണ്ടായിരുന്നു. ഗ്രാന്‍സ്ലാം വിജയത്തിന്റെ സന്തോഷം അദ്ദേഹം മാതൃഭൂമിയുമായി പങ്കിടുന്നു.
43-ാം വയസ്സില്‍ ഗ്രാന്‍സ്ലാം വിജയം. ഈ അപൂര്‍വവിജയത്തെ എങ്ങനെ കാണുന്നു?
സന്തോഷം എന്നു പറഞ്ഞാല്‍പ്പോരാ, നമ്മള്‍ ആഗ്രഹിച്ചത് നേടുമ്പോള്‍ കിട്ടുന്ന പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ രോഹന്‍-എബ്ഡന്‍ സഖ്യം ഇക്കുറി ഫേവറിറ്റുകളായിരുന്നു. എങ്കിലും ഗ്രാന്‍സ്ലാം കിരീടം എന്നത് എളുപ്പമല്ല. ഏറെക്കാലമായി കാത്തിരുന്ന വിജയത്തിലേക്ക് എത്തിയതിന്റെ സംതൃപ്തിയുണ്ട്.
ബൊപ്പണ്ണയുമായുള്ള ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?
1995-98 കാലത്ത് പുണെയിലെ ഒരു അക്കാദമിയിലാണ് ഞങ്ങള്‍ ബന്ധം തുടങ്ങുന്നത്. പിന്നീടത് വളര്‍ന്നു. 2018-ല്‍ ഞാന്‍ ബെംഗളൂരുവിലെത്തിയപ്പോള്‍, രോഹന്‍ ബൊപ്പണ്ണ അക്കാദമിയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. അക്കാദമിയുടെ ഡയറക്ടറാണിപ്പോള്‍. 2019 പകുതിമുതല്‍ സ്ഥിരമായി ഒന്നിച്ചുണ്ട്. ഒളിമ്പിക്സ് ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം തുടങ്ങിയ ഡബിള്‍സ് ഡ്രീം പദ്ധതിയിലും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു. ഡബിള്‍സില്‍ രോഹന്‍-എബ്ഡന്‍ സഖ്യത്തിന്റെ കോച്ച് യു.ണ്ടഎസുകാരനായ സ്‌കോട്ട് ഡേവിഡോഫാണ്. സ്‌കോട്ട് ഇല്ലാത്തപ്പോള്‍ ടൂര്‍ണമെന്റുകളിലും ഞാന്‍ കൂടെപ്പോകാറുണ്ട്.
രോഹന്‍ എന്ന കളിക്കാരന്റെ പ്രത്യേകത എന്താണ്?
കളിക്കാരനായിരിക്കുമ്പോള്‍ത്തന്നെ ഇന്ത്യയിലെ യുവതാരങ്ങളുടെ മെന്റര്‍കൂടിയാണ് രോഹന്‍. പലടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ താരങ്ങള്‍ തോല്‍ക്കുമ്പോള്‍ അവരെ കൂടെനിര്‍ത്തി മാനസികമായി പിന്തുണയും പരിശീലനസൗകര്യവുമെല്ലാം കൊടുക്കും. അതിന്റെ തുടര്‍ച്ചയായി, പുതുതാരങ്ങളെ ഉള്‍പ്പെടുത്തി ഡബിള്‍സ് ഡ്രീം പ്രോജക്ടിനു നേതൃത്വംകൊടുക്കുന്നു. ഏറെ അച്ചടക്കവും ആത്മസമര്‍പ്പണവുമുള്ളയാളാണ് രോഹന്‍. കളി തോറ്റുവന്നാലും പരിശീലനം മുടക്കില്ല. പലഘട്ടത്തിലും പരിക്കും ചികിത്സയുമുണ്ടായെങ്കിലും തിരിച്ചുവരാനായത് ഈ അച്ചടക്കംകൊണ്ടാണ്.
ഇതോടെ ഒളിമ്പിക് യോഗ്യതയ്ക്കും സാധ്യതതെളിഞ്ഞല്ലോ
മേയ് രണ്ടാംവാരത്തോടെ ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലുള്ളവര്‍ക്ക് നേരിട്ട് യോഗ്യതലഭിക്കും. ഇതിനിടെ ഇനി വലിയ ടൂര്‍ണമെന്റുകള്‍ കുറവാണ്. അതുകൊണ്ടുതന്നെ രോഹന്‍ ആദ്യപത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള ഒരു ഇന്ത്യക്കാരനെ പങ്കാളിയായി തിരഞ്ഞെടുക്കാം. അതിനുപറ്റിയ ഒട്ടേറെ യുവതാരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. അതുകൊണ്ടുതന്നെ ഒളിമ്പിക്സിനെ വലിയ പ്രതീക്ഷയോടെ കാണുന്നു.
ടെന്നീസില്‍, പ്രത്യേകിച്ച് ഡബിള്‍സില്‍ ഒട്ടേറെ യുവതാരങ്ങള്‍ കളിക്കുമ്പോള്‍ പ്രായംകൂടിയ ഒരാള്‍ക്ക് ഇത്രയും പ്രോത്സാഹനം നല്‍കുന്നത് ഗുണകരമാകുമോ?
അങ്ങനെയല്ല, ഏറെ കായികാധ്വാനം ആവശ്യമുള്ള ഒരു ഗെയിമില്‍ ഈ പ്രായത്തിലും രോഹന്‍ ഇത്രയും മികവുകാട്ടുന്നു എന്നാണ് കാണേണ്ടത്. ഇത് ടെന്നീസിലും സ്പോര്‍ട്സിലും മാത്രമല്ല, ഏത് മേഖലയിലുള്ളവര്‍ക്കും പ്രചോദനമാണ്. അച്ചടക്കത്തോടെയും ആത്മാര്‍ഥയോടെയും ജോലിചെയ്താല്‍ ഏതുപ്രായത്തിലും നമ്മള്‍ക്ക് ലക്ഷ്യംനേടാനാകുമെന്നതിന്റെ ഉദാഹരണമായിവേണം ഈ വിജയത്തെ കാണാന്‍.
Content Highlights: australian open winner rohan bopanna coach balachandran interview
Published: 28 Jan 2024, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented