കൊച്ചി: കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐ.ഐ. എം.കെ.) കാമ്പസ് കൊച്ചിയിൽ ഉയരും. ഇതിനായി കാക്കനാട് ഇൻഫോപാർക്കിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. പദ്ധതിക്കായി 14.06 ഏക്കർ അനുവദിച്ചുകൊണ്ട് ഈ മാസം 15-ന് ഐ.ടി. വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

To advertise here,

ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലുൾപ്പെട്ട സ്ഥലം 90 വർഷത്തെ പാട്ടത്തിനാണ് അനുവദിച്ചിരിക്കുന്നത്. നോളജ് ഹബ്ബാണ് ഐ.ഐ.എം.കെ. ഇവിടെ ആസൂത്രണം ചെയ്യുന്നത്. അത്യാധുനികമായ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായിരിക്കും കാമ്പസ്. 1500-ഓളം വിദ്യാർഥികൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുണ്ടാകുക.

ഇതിനുപുറമേ ഗവേഷണ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും. അത്യാധുനികമായ ക്ലാസ്‌മുറികൾ, ലൈബ്രറി, കോൺഫറൻസ് ഹാളുകൾ, ഗവേഷണ സൗകര്യങ്ങൾ, റെസിഡെൻഷ്യൽ സൗകര്യം, വിദ്യാർഥികൾക്കുള്ള പൊതുവിടങ്ങളും സ്പോർട്‌സ് കോംപ്ലക്സുമെല്ലാം ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രത്യേക സാമ്പത്തികമേഖലേതര (നോൺ എസ്.ഇ.ഇസഡ്) ഭൂമി വേണമെന്ന ആവശ്യമാണ് ഐ.ഐ.എം.കെ. ഉന്നയിച്ചിരുന്നത്.

ഇത് കണക്കിലെടുത്ത് പ്രത്യേക സാമ്പത്തികമേഖലയിൽ ഉൾപ്പെട്ടിരുന്ന ഭൂമി നോൺ എസ്.ഇ.ഇസഡാക്കി മാറ്റുകയാണ്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഐ.ഐ.എം.കെ.യുടെ ഒരു കാമ്പസ് കൊച്ചി സർവകലാശാലാ (കുസാറ്റ്) മെട്രോ സ്റ്റേഷനിലുണ്ട്. കഴിഞ്ഞ ജൂലായിലാണ് ഇത് പ്രവർത്തനം തുടങ്ങിയത്.