ന്യൂഡൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിയുടെ ദേശീയ ആസ്ഥാനത്തുമാത്രം ലഭിച്ചത് 1472.8 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. എന്നാൽ സംസ്ഥാന കമ്മിറ്റികൾക്ക് ലഭിച്ച തുകയെ പറ്റി ഇതിൽ പരാമർശമില്ല. കോൺഗ്രസിന്റെ സംസ്ഥാന-ദേശീയ ഘടകങ്ങൾക്ക് ലഭിച്ച തുകയുടെ ഏഴിരട്ടി തുകയാണ് ബിജെപി ദേശീയ ആസ്ഥാനത്തുമാത്രം ലഭിച്ചിരിക്കുന്നത്.
അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് കണക്കുകൾ കോൺഗ്രസ് നേരത്തെ സമർപ്പിച്ചിരുന്നു. മാർച്ച് 15 മുതൽ മെയ് ആറ് വരെയുള്ള തിരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസിന് 207.17 കോടി രൂപയുടെ വരുമാനമാണ് കാണിച്ചിരിക്കുന്നത്. 248.55 കോടി രൂപയുടെ ചെലവും കോൺഗ്രസ് കാണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ബിജെപിയുടെ ആസ്ഥാനത്ത് 1,472.8 കോടി രൂപ വരവുണ്ടായി എന്ന് മാത്രമാണ് കാണിച്ചിരിക്കുന്നത്. സംസ്ഥാന ഘടകങ്ങളിലെത്തിയ പണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട് സംസ്ഥാനങ്ങളിലെ കണക്കുകൾകൂടി വരുമ്പോൾ 1472.8 കോടി രൂപയേക്കാൾ വർധിച്ചേക്കും.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി ആസ്ഥാനത്തിന്റെ കൈവശമുള്ള തുകയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. മാർച്ച് 15-ന് 6,722.6 കോടി രൂപയായിരുന്ന അവരുടെ കൈവശമുള്ള തുക. മെയ് 6-ഓടെ 7,627.2 കോടി രൂപയായി ഉയർന്നു. അതായത്, 904.6 കോടി രൂപയുടെ വർധനവാണുണ്ടായത്.
അതേസമയം തിരഞ്ഞെടുപ്പ് കാലയളവിൽ കോൺഗ്രസിന്റെ സാമ്പത്തിക നിലയിൽ ഇടിവാണ് ഉണ്ടായിട്ടുള്ളത്. തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ 169.06 കോടി രൂപയാണ് എഐസിസി ആസ്ഥാനത്തും അഞ്ച് സംസ്ഥാനങ്ങളിലെ കമ്മിറ്റികളുടെ കൈവശവുമായി ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ ഇത് 103.2 കോടി രൂപയായി കുറഞ്ഞു. അതായത് 65.86 കോടി രൂപയുടെ കുറവ്.
പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ചെലവുകൾ ബിജെപി പുറത്തുവിട്ടിട്ടില്ല. എന്നാൽ മറ്റു മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം 159.7 കോടി രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുംകൂടുതൽ ചെലവഴിച്ചത് അസമിലാണ്. 96.27 കോടി രൂപ. ഇതിൽ 76.73 കോടി രൂപ പൊതുവായ പാർട്ടി പ്രചാരണത്തിനും 19.54 കോടി രൂപ സ്ഥാനാർത്ഥികൾക്കുമായാണ് ചെലവഴിച്ചത്. പരസ്യങ്ങളും താരപ്രചാരകരുടെ യാത്രാച്ചെലവുമാണ് പൊതു പ്രചാരണ ബില്ലിൽ പ്രധാന പങ്കുവഹിച്ചത്.
തമിഴ്‌നാട്ടിൽ പാർട്ടി 51.56 കോടി രൂപ ചെലവഴിച്ചു. ഇതിൽ 44.51 കോടി രൂപ പൊതു പ്രചാരണത്തിനും 7.05 കോടി രൂപ സ്ഥാനാർത്ഥികൾക്കുമാണ്. മാധ്യമ പരസ്യങ്ങൾക്കായി ഏകദേശം 23.96 കോടി രൂപയും, താരപ്രചാരകരുടെ യാത്രയ്ക്കായി ഏകദേശം 10.04 കോടി രൂപയും ചെലവായി. പരസ്യ സാമഗ്രികൾക്കായി ഏകദേശം 5.85 കോടി രൂപയും ചെലവഴിച്ചു. പുതുച്ചേരിയിൽ ബിജെപി 11.90 കോടി രൂപയുടെ ചെലവാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 9.19 കോടി രൂപ പൊതു പ്രചാരണത്തിനും 2.71 കോടി രൂപ സ്ഥാനാർത്ഥികൾക്കുമാണ്.
അഞ്ച് സംസ്ഥാനങ്ങളിലുമായി പൊതു പാർട്ടി പ്രചാരണത്തിനായി 143 കോടി രൂപയും സ്ഥാനാർത്ഥികൾക്കായി 105.55 കോടി രൂപയും ചെലവഴിച്ചതായി കോൺഗ്രസ് റിപ്പോർട്ട് ചെയ്തു. കോൺഗ്രസിന്റെ മൊത്തം തിരഞ്ഞെടുപ്പ് ചെലവ് 248.55 കോടി രൂപയാണ്. പൊതുപ്രചാരണത്തിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് കേരളത്തിലാണ്. 59.28 കോടി രൂപ. തൊട്ടുപിന്നിൽ അസം ഉണ്ട്, 22.62 കോടി രൂപ.
Content Highlights: BJP national HQ received Rs 1472.8 crore during the assembly elections across five states., This amount is seven times higher than the total funds received by Congress., Congress faced a financial decline with expenses exceeding revenue during the election period., BJP's cash reserves increased significantly from Rs 6,722.6 crore to Rs 7,627.2 crore.
Published: 09 Sept 2026, 04:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented