
ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രം പറയുമ്പോൾ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം നിൽക്കുന്ന ഫുട്‌ബോൾ ക്ലബ്ബാണ് മുഹമ്മദൻ സ്‌പോർട്ടിങ് ക്ലബ്ബ്. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി 133 വർഷത്തെ ചരിത്രം കൈയാളുന്ന ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്‌സ്, ഐ.എസ്.എലിന്റെ കളിത്തട്ടിലേക്കെത്തുന്നു.
റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന ടീം ആദ്യ ഐ ലീഗ് കിരീടനേട്ടത്തിന്റെ ആഹ്ളാദത്തിലാണിപ്പോൾ. ഐ ലീഗ് ജേതാക്കളായതോടെ അടുത്തസീസണിൽ ടീം ഐ.എസ്.എലിൽ കളിക്കും.
1990-കൾക്കു ശേഷം പിന്നാക്കം പോകുകയും ഒരു പതിറ്റാണ്ടു മുമ്പ് കടക്കെണി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്ത ക്ലബ്ബിന്റെ തിരിച്ചുവരവ് കൂടിയാകുന്നു ഈ കിരീടം.
രണ്ടുതവണ ഫെഡറേഷൻ കപ്പും 14 തവണ കൽക്കട്ട ഫുട്ബോൾ ലീഗും രണ്ടുവട്ടം ഡ്യൂറാൻഡ് കപ്പും ആറുതവണ ഐ.എഫ്.എ. ഷീൽഡും ആറുതവണ റോവേഴ്‌സ് കപ്പും നാലുതവണ സേട്ട് നാഗ്ജി ട്രോഫിയും നേടിയ മുഹമ്മദൻസിന് ഐ ലീഗ് കിരീടത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.
13 ഗോളുമായി ലീഗിലെ ഗോൾവേട്ടക്കാരിൽ നാലാംസ്ഥാനത്തുള്ള ഹോണ്ടുറാസ് താരം എഡ്ഡി ഗബ്രിയേൽ ഹെർണാണ്ടസാണ് സീസണിൽ കൊൽക്കത്തൻ ക്ലബ്ബിന്റെ മുന്നേറ്റത്തിന് ചുക്കാൻപിടിക്കുന്നത്. മുൻ ഡിഫൻഡറായിരുന്ന ആന്ദ്രേ ചെർനിഷോവിന്റെ പ്രതിരോധതന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 22 മത്സരങ്ങളിൽ തോറ്റത് ഒന്നിൽമാത്രം. 41 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ചപ്പോൾ വഴങ്ങിയത് 18 എണ്ണവും.
ജോസഫ് അഡേക്കും സോഡിങ്‌ലിയാന റാൽതെക്കുമൊപ്പം വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂരുകാരൻ മുഹമ്മദ് ഇർഷാദും നേതൃത്വം നൽകുന്ന മുഹമ്മദൻസ് പ്രതിരോധം ഉറച്ചുനിന്നതോടെ എതിരാളികൾ കഷ്ടപ്പെട്ടു. അലക്‌സിസ് ഗോമസിനും ബെനെസ്ടൺ ബാരെറ്റോക്കും ബികാഷ് സിങ് സഗോൽസെമിനും ഡേവിഡ് ലാൽഹാൽസംഗയ്ക്കുമൊപ്പം മിഡ്ഫീൽഡ് ജനറൽ ഉസ്‌ബെക്കിസ്താൻ താരം മിർജാലോൽ കാഷിമോവ് കൂടിയെത്തുന്നതോടെ ടീമിന്റെ കരുത്ത് ഇരട്ടിയാകുന്നു.
Content Highlights: Mohammedan Sporting Club, which a has history of 133 years, entering to ISL with I-League title
Published: 07 Apr 2024, 12:24 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented