ഗുവാഹട്ടി: ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ മത്സരത്തിൽ ഇന്റർ കാശി എഫ്‌സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചു. നോർത്ത് ഈസ്റ്റിനായി മൊറോക്കൻ താരം അലാദ്ദീൻ അജറൈ ഇരട്ടഗോൾ നേടി. സ്പാനിഷ് താരം അന്റോണിയോ മൊയാനോയും മലയാളി യുവതാരം അമൻ സി.കെയും ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോൾ നേടിയത് മോമോ യാൻസാനെയാണ്.

To advertise here,

മത്സരം തുടങ്ങി 15-ാം മിനിറ്റിൽ അജറൈ ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മൊയാനോയുടെ ഗോൾ. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളാണ് കണ്ടത്. ഒടുവിൽ 60-ാം മിനിറ്റിൽ മോമോ ലക്ഷ്യം കണ്ടു. എന്നാൽ ആ ഗോളാഘോഷത്തിന് 10 മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 70-ാം മിനിറ്റിൽ അജറൈ നോർത്ത് ഈസ്റ്റിനായി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ അവർ 3-1ന് മുന്നിലെത്തി. 82-ാം മിനിറ്റിൽ അമൻ കൂടി ഗോൾ നേടിയതോടെ നോർത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു.

ഇതോടെ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.