കൊച്ചി: തുലാവർഷമേഘങ്ങൾപോലെ ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ ആകാശത്ത് വിജയസൂര്യനായി തെളിയാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ. ഉടമകൾ വരാൻ വൈകിയതുമുതൽ സ്റ്റേഡിയം വാടകവരെയായി ഒരുപാട് അനിശ്ചിതത്വങ്ങളുടെ കാർമേഘങ്ങൾ വകഞ്ഞുമാറ്റിയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിൽ ഉദിക്കാനൊരുങ്ങുന്നത്. ഐ.എസ്.എൽ. ഫുട്ബോളിന്റെ പുതിയസീസണിലെ ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി.യാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളിൽ വിജയവും തോൽവിയുമായി സമ്മിശ്രഫലത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ കളിമുറ്റത്തേക്കെത്തുന്നത്. രണ്ട് മത്സരങ്ങളിൽനിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ആറാംസ്ഥാനത്ത് നിൽക്കുമ്പോൾ ഒരു പോയിന്റുള്ള മുംബൈ ഒൻപതാം സ്ഥാനത്താണ്. കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

To advertise here,

തുടരാൻ വെസ്റ്റ്വുഡ്

ആഷ്ലി വെസ്റ്റ്വുഡ് എന്ന പുതിയ കോച്ച് എത്തിയതോടെ കഴിഞ്ഞ സീസണിന്റെ അവസാനഘട്ടത്തിൽ ഫോമിലേക്കുയർന്ന ബ്ലാസ്റ്റേഴ്സ് അതിന്റെ തുടർച്ചയാണ് ഈ സീസണിൽ ലക്ഷ്യമിടുന്നത്. സീസണിലെ ആദ്യമത്സരത്തിൽ ഇന്റർ കാശിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി മികച്ച തുടക്കമിട്ട ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ കളിയിൽ നാലുഗോൾ വാങ്ങി നോർത്ത് ഈസ്റ്റിനോട് തോറ്റിരുന്നു. എന്നാൽ, ആ തോൽവി കാര്യമാക്കേണ്ടെന്നും ടീം സെറ്റായിവരുന്നതേയുള്ളൂവെന്നുമാണ് ആഷ്ലി പറയുന്നത്. ഹോം ഗ്രൗണ്ടിൽ വിജയത്തിലേക്ക് പന്തുതട്ടിത്തുടങ്ങുന്ന ഒരു ബ്ലാസ്റ്റേഴ്സിനെ കാണാമെന്ന ആഷ്ലിയുടെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ല. വൈകിമാത്രം ടീമിലെത്തിയ വിദേശതാരങ്ങളും സ്വദേശിതാരങ്ങളും തമ്മിൽ കൂടുതൽ 'കണക്ടാ'യതിന്റെ അടയാളമായിരിക്കും മുംബൈക്കെതിരായ കളിയെന്നാണ് മഞ്ഞപ്പടയുടെ ആരാധകരും വിശ്വസിക്കുന്നത്.

ലൂണയും വിദേശികളും

പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാൻ ലൂണ തിരിച്ചെത്തിയതിനൊപ്പം ശക്തരായ ഒരുസംഘം വിദേശികളെയും അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ കളികളിൽ ഗോളടിച്ച ഇംഗ്ലീഷ് താരം ആന്ദ്രേ ഗ്രീനും ഗിനിയൻ താരം മോമോ യാൻസാനെയും അടങ്ങുന്ന ആക്രമണനിര ക്ലിക്കായാൽ മുംബൈയെ മറികടക്കാമെന്നാണ് ആഷ്ലിയുടെ കണക്കുകൂട്ടൽ. നോർത്ത് ഈസ്റ്റിനെതിരേ 5-3-2 ശൈലിയിൽ കളിക്കാനിറങ്ങുമ്പോൾ ഗ്രീനും യാൻസാനെയുമായിരുന്നു ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മുന്നണിപ്പോരാളികൾ. ലൂണയ്ക്കൊപ്പം മലയാളി താരം വിബിൻ മോഹനനും ഇന്ത്യൻ താരം ഫ്രെഡ്ഡിയും മധ്യനിരയിൽ മികച്ച കളി കെട്ടഴിക്കുന്നതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്. അതേസമയം ഡോളിങ്ങും ഹോർമിപാമുമൊക്കെ ഉൾപ്പെട്ട പ്രതിരോധനിര കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന ആശങ്കയും കാണാതിരിക്കാനാകില്ല.

തിരിച്ചുവരാൻ മുംബൈ

കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മുംബൈ ഇത്തവണ മോശം ഫോമിലാണ് തുടങ്ങിയിരിക്കുന്നത്. ചർച്ചിലിനോട് തോറ്റുതുടങ്ങിയ മുംബൈ അതിനടുത്ത കളിയിൽ പഞ്ചാബിനോട് സമനിലയും വഴങ്ങി. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ച യുറഗ്വായ് താരം ലിയാൻഡ്രോ ഒട്ടോർമിനും കൊളംബിയൻ താരം വിൽമർ ജോർദാനുമടങ്ങിയ മുംബൈ ആക്രമണനിര എപ്പോൾ വേണമെങ്കിലും അപകടകാരികളാകാവുന്നതാണ്.