
കല്പറ്റ: പ്ലാസ്റ്റിക് പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തെത്തിയ പെൺകുട്ടി. അവൾ ആഗ്രഹിച്ചതുപോലെ ക്രിക്കറ്റിൽ സ്വന്തമായി മേൽവിലാസമുണ്ടാക്കി. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽനിന്നു തുടങ്ങി ഇന്ത്യൻ ടീമിലെത്തിയ വി.ജെ. ജോഷിത ഇപ്പോൾ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഒരേയൊരു മലയാളി വനിതയാണ്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അണ്ടർ-19 ട്വന്റി 20 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ മാതൃഭൂമിയുമായി സംസാരിക്കുന്നു.
വയനാട്ടിൽനിന്ന് ക്വലാംലംപുർവരെയുള്ള ക്രിക്കറ്റ് യാത്രയെ എങ്ങനെ കാണുന്നു
‘ഇന്ത്യൻ ടീമിലെത്തുക, ലോകകപ്പിൽ കളിക്കുക, കപ്പുയർത്തുക’ -ക്രിക്കറ്റ് പരിശീലനം തുടങ്ങിയ കാലംതൊട്ടുള്ള ആഗ്രഹമായിരുന്നു ഇതെല്ലാം. ഏഴുവർഷമായി പരിശീലനം തുടങ്ങിയിട്ട്. ഇന്ത്യൻ ടീമിലെത്താനും ലോകകപ്പ് ജയിക്കാനുമായതിൽ അഭിമാനിക്കുന്നു. വീട്ടുകാരും പരിശീലകരും നാടും എനിക്കൊപ്പംനിന്നു. അവരുടെകൂടി വിജയമാണിത്.
ലോകകപ്പ് വിജയത്തിനുശേഷമുള്ള ആഘോഷം എങ്ങനെയായിരുന്നു
ജയിച്ചശേഷം ഇന്ത്യൻ പതാകയുമായി ഗ്രൗണ്ടിലിറങ്ങിയ നിമിഷത്തെക്കുറിച്ച് പറഞ്ഞറിയിക്കാനാകില്ല. ഒരു കുടുംബംപോലെയായിരുന്നു ടീം. കളിക്കാർ തമ്മിൽ അത്രയുംനല്ല ബന്ധമായിരുന്നു. വിജയത്തിനുശേഷം ആഘോഷവും ട്രീറ്റും ഉണ്ടായിരുന്നു.
സഹതാരങ്ങളുടെ പിന്തുണ
ലോകകപ്പിന്റെ തുടക്കംമുതൽ നന്നായി കളിക്കാനായത് ഈ പിന്തുണകൊണ്ടാണ്. പരിശീലനസമയത്തും മത്സരത്തിലും അവർ തരുന്ന ആത്മവിശ്വാസവും പിന്തുണയും വലിയ മുതൽക്കൂട്ടായി. ടീം മൊത്തത്തിൽ അടിപൊളിയായിരുന്നു. നിക്കി പ്രസാദ് കൂൾ ക്യാപ്റ്റനാണ്.
കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയും കേരള ക്രിക്കറ്റ് അസോസിയേഷനുമൊക്കെയാണ് എന്നെ വളർത്തിയത്. കോച്ച് അമൽ ബാബുവാണ് കൃഷ്ണഗിരിയിൽ എത്തിച്ചത്. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ, റീന മച്ചാൻ, പരിശീലകരായ ജെസ്റ്റിൻ ഫെർണാണ്ടസ്, ടി. ദീപ്തി തുടങ്ങിയവരുടെ പിന്തുണ എടുത്തുപറയണം. ഒപ്പംനിന്ന വേറെയും ഒരുപാടുപേരുണ്ട്. ഈ വിജയം എല്ലാവർക്കുമായി സമർപ്പിക്കുന്നു.
ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം
ഭുവനേശ്വർ കുമാറാണ് പ്രിയപ്പെട്ട താരം. അദ്ദേഹത്തിന്റ ബൗളിങ് ശൈലിയാണ് കാരണം. താരങ്ങളുടെ പ്രകടനങ്ങൾകണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. ഒരു ബോളിൽ റൺസുപോയാൽ അടുത്തബോളിൽ വരുത്തുന്ന മാറ്റങ്ങൾ ശ്രദ്ധിക്കും. നാട്ടുകാരായ മിന്നുമണിയും സജന സജീവനും റോൾ മോഡലുകളാണ്. അവരുടെ പിന്തുണ ആത്മവിശ്വാസം നൽകി.
അടുത്തലക്ഷ്യം
ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടണം. ഡബ്ല്യു.പി.എൽ. മത്സരങ്ങളാണ് ഇനി വരാനുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരിനായാണ് കളിക്കുന്നത്. നന്നായി കളിക്കാൻ ശ്രമിക്കും. അതുവഴി സീനിയർ ടീമിൽ ഇടംനേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത കേരള അണ്ടർ 19 ടീം ക്യാപ്റ്റനായിരുന്നു. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്.
Content Highlights: vj joshitha icc under 19 womens world cup winner interview
Published: 04 Feb 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented