വെല്ലിങ്ടൺ: രണ്ടാം ഏകദിനത്തിൽ ന്യൂസീലൻഡിനെ 134 റൺസിന് എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 41 ഓവറിൽ എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ഗുർനൂർ ബ്രാറാണ് കിവീസിനെ ചെറിയ സ്‌കോറിലൊതുക്കുന്നതിൽ വലിയ പങ്ക് വഹിച്ചത്. ആഖ്വിന് നബി, അൻഷുൽ കാംബോജ്, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണ നൽകി.

To advertise here,

മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ന്യൂസീലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ ഒരു റണ്ണെത്തിയപ്പോഴേക്കും ടിം സെയ്‌ഫേർട്ടിനെ ആഖ്വിബ് നബി പുറത്താക്കി. ഇന്ത്യൻ ജെഴ്‌സിയിൽ ആഖ്വിബിന്റെ ആദ്യ വിക്കറ്റായിരുന്നു അത്. ആറ് റൺസെടുത്ത വിൽ യങ്ങിനെയും ആഖ്വിബ് തിരിച്ചയച്ചു. അൻഷുൽ കാംബോജിന് മുന്നിൽ കളി മറന്ന ഹെൻട്രി നിക്കോൾസിന്റെ സംഭാവന 11 റൺസായിരുന്നു.

പിന്നീട് ക്രീസിലെത്തിയ ഡാരിൽ മിച്ചൽ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ടോം ലാഥം ഏഴ് റൺസിനും ഗ്ലെൻ ഫിലിപ്‌സ് അക്കൗണ്ട് തുറക്കും മുമ്പും പുറത്തായി. പിന്നീട് ആറാം വിക്കറ്റിൽ ഡാരിൽ മിച്ചലും സാന്റ്‌നറും ചേർന്ന് 59 റൺസ് കൂട്ടുകെട്ടുണ്ടാക്കി സ്‌കോർ 100 കടത്തി. എന്നാൽ 104 പന്തിൽ 55 റൺസെടുത്ത ഡാരിൽ മിച്ചലിനെ പുറത്താക്കി അക്‌സർ പട്ടേൽ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 31 റൺസെടുത്ത് മിച്ചൽ സാന്റ്‌നറും പുറത്തായി. നഥാൻ സ്മിത്ത്-3, കെയ്ൽ ജമൈസൺ-7, ബ്ലെയ്ർ ടിക്ക്‌നർ-2 എന്നിങ്ങനെയായിരുന്നു വാലറ്റത്തിന്റെ സ്‌കോറുകൾ. ഒരു റണ്ണോടെ ജേക്കബ് ഡഫി പുറത്താകാതെ നിന്നു.