ബ്രിസ്‌ബെയ്ൻ: യൂത്ത് ഏകദിനക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. യൂത്ത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടമാണ് വൈഭവ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിലാണ് വൈഭവിന്റെ നേട്ടം.

To advertise here,

 

മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ് അർധസെഞ്ചുറിയുമായി തിളങ്ങി. 68 പന്തിൽ നിന്ന് 70 റൺസെടുത്താണ് താരം പുറത്തായത്. അഞ്ച് ഫോറും ആറുസിക്‌സറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്. അതോടെ യൂത്ത് ഏകദിനക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന നേട്ടവും 14-കാരൻ സ്വന്തമാക്കി.

 

നിലവിൽ 10 ഇന്നിങ്‌സുകളിൽ നിന്നായി 41 സിക്‌സറാണ് വൈഭവ് അടിച്ചെടുത്തത്. 540 റൺസാണ് സമ്പാദ്യം. 38 സിക്‌സർ നേടിയ ഇന്ത്യൻ താരം ഉൻമുക്ത് ചന്ദിന്റെ റെക്കോഡാണ് വൈഭവ് മറികടന്നത്. 35 സിക്‌സർ നേടിയ ബംഗ്ലാദേശ് താരം സവാദ് അബ്രാറാണ് പട്ടികയിൽ മൂന്നാമത്.

 

യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടവും വൈഭവിന്റെ പേരിലാണ്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേ 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും വൈഭവാണ്. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം.