ബെനോനി: ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ നായകകുപ്പായമണിഞ്ഞ ആദ്യ പരമ്പര തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. മൂന്ന് മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര തൂത്തുവാരി. മൂന്നാം മത്സരത്തിൽ 233 റൺസിന്റെ കൂറ്റൻ ജയമാണ് വൈഭവും സംഘവും സ്വന്തമാക്കിയത്. എന്നാൽ മൂന്നുമത്സരങ്ങളിലും ഇന്ത്യക്ക് ടോസ് നേടാനായിരുന്നില്ല. മൂന്നാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ വൈഭവിന്റെ പ്രതികരണം വൈറലാകുകയാണ്.

To advertise here,

ആദ്യ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 25 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലാകട്ടെ എട്ടുവിക്കറ്റിനും ജയിച്ചു. ഈ രണ്ട് മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്കാണ് ടോസ് ലഭിച്ചത്. മൂന്നാം മത്സരത്തിലെങ്കിലും ടോസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നായകനായ വൈഭവ്. എന്നാൽ അതുണ്ടായില്ല. ബുധനാഴ്ചയും ടോസ് നഷ്ടപ്പെട്ടത് വൈഭവിന് വിശ്വസിക്കാനായില്ല. ടോസ് നഷ്ടപ്പെട്ടതിന് പിന്നാലെ വൈഭവ് മുഖം പൊത്തി നിരാശപ്രകടിപ്പിച്ചു. തനിക്കിതിൽ റോളില്ലെന്ന മട്ടിലായിരുന്നു അടുത്തുണ്ടായ മാച്ച് റഫറിയുടെ പ്രതികരണം.

ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ടോസ് നഷ്ടപ്പെടുന്ന ആദ്യ നായകനൊന്നുമല്ല വൈഭവ്. എം.എസ്. ധോനി, വിരാട് കോലി, രോഹിത് ശർമ, ശുഭ്മാൻ ഗിൽ തുടങ്ങി ഒട്ടേറെ ക്യാ്പറ്റന്മാർക്ക് ഈ വിധി നേരിടേണ്ടിവന്നിട്ടുണ്ട്. ഇന്ത്യൻ സീനിയർ ടീമിന് തുടർച്ചയായി 20 ടോസ് വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

മൂന്നാം യൂത്ത് ഏകദിനത്തിൽ 233 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 394 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 160 റൺസിന് പുറത്തായി. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ചുറിയോടെ തിളങ്ങി. 63 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് 127 റൺസെടുത്താണ് പുറത്തായത്. നായകനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ കഴിഞ്ഞത് വൈഭവിന് നേട്ടമാണ്.