പട്‌ന: ഇത്തവണത്തെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനം പുറത്തെടുത്ത യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിക്ക് 50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, കായികമന്ത്രി ശ്രേയസി സിങ് എന്നിവരും വസതിയിലുണ്ടായിരുന്നു.

To advertise here,

ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന ഫൈനലിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ ഒറ്റയ്ക്ക് തല്ലിത്തകർത്താണ് വൈഭവ് ഇന്ത്യയ്ക്ക് ആറാം അണ്ടർ 19 ലോകകപ്പ് കിരീടം സമ്മാനിച്ചത്. 80 പന്തിൽ നിന്ന് 175 റൺസ് അടിച്ചെടുത്ത ആ ഇന്നിങ്സിനിടെ പിറന്നത് റെക്കോഡുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. 15 സിക്സും 15 ഫോറും പിറന്ന വൈഭവിന്റെ ഇന്നിങ്സോടെ ഫൈനലിൽ ഇന്ത്യ മേൽക്കൈ നേടിയിരുന്നു. ഫൈനലിലെയും ടൂർണമെന്റിലെയും താരവും വൈഭവായിരുന്നു.

സീനിയർ വിഭാഗത്തിൽ ഉൾപ്പെടെ ഐ.സി.സി. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ഫൈനലിലെ ഉയർന്ന വ്യക്തിഗത സ്‌കോറാണ് വൈഭവ് സൂര്യവംശി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ നേടിയത്. 2022 വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ, ഓസ്‌ട്രേലിയയുടെ അലിസ ഹീലി നേടിയ (170 റൺസ്) റെക്കോഡ് മറികടന്നു.

ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 169.50 എന്ന സ്‌ട്രൈക്ക് റേറ്റിലും 62.71 ശരാശരിയുമായി 439 റൺസാണ് താരം നേടിയത്.