ദുബായ്: അണ്ടർ 19 ഏഷ്യാകപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂർണമെന്റിൽ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് താരം തകർത്തടിച്ചത്. ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ വൈഭവ് 171 റൺസെടുത്താണ് പുറത്തായത്. 56 പന്തിൽ നിന്നാണ് താരം സെഞ്ചുറി തികച്ചത്. 14 സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

To advertise here,

മത്സരത്തിന്റെ തുടക്കം തന്നെ ഇന്ത്യയ്ക്ക് നായകൻ ആയുഷ് മാത്രയെ നഷ്ടമായി. നാലു റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശിയും ആരോൺ ജോർജും ഇന്ത്യയെ കരകയറ്റി. പതിയെ തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറി. അതോടെ ടീം സ്‌കോർ കുതിച്ചു. ഒമ്പതാം ഓവറിലാണ് ടീം അമ്പത് കടക്കുന്നത്. അതിന് ശേഷം വൈഭവ് യുഎഇ ബൗളർമാരെ ആക്രമിച്ചു കളിച്ചു.

11 ഓവർ അവസാനിക്കുമ്പോൾ 24 പന്തിൽ 35 റൺസെന്ന നിലയിലായിരുന്നു വൈഭവ്. അടുത്ത രണ്ട് ഓവറുകളിൽ അടിച്ചുകളിച്ച താരം 13-ാം ഓവറിൽ അർധസെഞ്ചുറി തികച്ചു. 30 പന്തിൽനിന്നാണ് അർധസെഞ്ചുറി നേട്ടം. വൈഭവ് ട്രാക്ക് മാറ്റിയതോടെ സിക്‌സറുകൾ പറപറന്നു. 16-ാം ഓവറിൽ മൂന്ന് സിക്‌സറുകളാണ് താരം നേടിയത്. പിന്നാലെ 56 പന്തിൽ നിന്ന് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. അർധസെഞ്ചുറി നേടിയ ആരോൺ ജോർജും ചേർന്ന് ടീമിനെ ഇരുന്നൂറ് കടത്തി.

20 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ 69 റൺസെടുത്ത ആരോൺ ജോർജ് പുറത്തായി. പിന്നീടിറങ്ങിയ വിഹാൻ മൽഹോത്രയെ ഒരുവശത്തുനിർത്തി വൈഭവ് വെടിക്കെട്ട് തുടർന്നു. 30-ാം ഓവറിൽ താരം 150 റൺസ് കടന്നു. താരം ഇരട്ടസെഞ്ചുറി നേടുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്‌കോർ 265 ൽ നിൽക്കേ വൈഭവ് പുറത്തായി. താരം ബൗൾഡാകുകയായിരുന്നു. 95 പന്തിൽ നിന്ന് 171 റൺസെടുത്താണ് വൈഭവ് മടങ്ങിയത്. 9 ഫോറും 14 സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.