ബുലാവായോ: അണ്ടർ-19 ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിൽ. ഞായറാഴ്ച നടന്ന സൂപ്പർ സിക്‌സ് മത്സരത്തിൽ 58 റൺസിന് പാകിസ്താനെ കീഴടക്കിയാണ് ഇന്ത്യയുടെ സെമി പ്രവേശനം. തോൽവിയോടെ പാകിസ്താൻ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് പുറത്തായിരുന്നു. 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 46.2 ഓവറിൽ 194 റൺസിന് ഓൾഔട്ടായി.

To advertise here,

35 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഖിലൻ പട്ടേലും 21 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രെയുമാണ് പന്തെടുത്ത് പാകിസ്താനെ വീഴ്ത്തിയത്.

49 പന്തിൽ നിന്ന് 42 റൺസെടുത്ത ഓപ്പണർ ഹംസ സഹൂറും 92 പന്തിൽ നിന്ന് 66 റൺസെടുത്ത ഉസ്മാൻ ഖാനും 39 പന്തിൽ നിന്ന് 38 റൺസെടുത്ത ഫർഹാൻ യൂസഫും മാത്രമാണ് ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിന്നത്.

സമീർ മിൻഹാസ് (9), അഹമ്മദ് ഹുസൈൻ (2), അലി ഹസൻ ബലോച്ച് (3) എന്നിവരെയൊന്നും നിലയുറപ്പിക്കാൻ ഇന്ത്യ അനുവദിച്ചില്ല.

സൂപ്പർ സിക്‌സ് ഗ്രൂപ്പ് രണ്ടിൽ നാല് കളികളിൽ നാലും ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ നിന്ന് സെമിയിൽ കടന്ന മറ്റൊരു ടീം. ഫെബ്രുവരി നാലിന് നടക്കുന്ന സെമിയിൽ അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.

നേരത്തേ വേദാന്ത് ത്രിവേദിയുടെ അർധ സെഞ്ചുറിയാണ് പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് ഓൾഔട്ടാകുകയായിരുന്നു. പതിവുപോലെ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ടോടെയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കം. എന്നാൽ 22 പന്തിൽ നിന്ന് 30 റൺസെടുത്ത വൈഭവ് എട്ടാം ഓവറിൽ വീണതോടെ ഇന്ത്യ പതറി. ഒരു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ജോർജിനൊപ്പം 47 റൺസ് കൂട്ടിച്ചേർത്ത ശേഷമായിരുന്നു മടക്കം.

പിന്നാലെ ക്യാപ്റ്റൻ ആയുഷ് മാത്രെ (0), ആരോൺ ജോർജ് (16) എന്നിവരെ ഇന്ത്യയ്ക്ക് അടുത്തടുത്ത പന്തുകളിൽ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വേദാന്ത് ത്രിവേദി - വിഹാൻ മൽഹോത്ര സഖ്യം പിടിച്ചുനിന്നതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ കൈവന്നു. 93 പന്തിൽ നിന്ന് 62 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് ഒടുവിൽ 24-ാം ഓവറിൽ വിഹാനെ പുറത്താക്കി അഹമ്മദ് ഹുസൈനാണ് പൊളിച്ചത്. 43 പന്തിൽ നിന്ന് 21 റൺസായിരുന്നു വിഹാന്റെ സമ്പാദ്യം. തുടർന്നുവന്ന അഭിഗ്യാൻ കുണ്ഡുവിനും (16) സ്‌കോറിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല.

41-ാം ഓവറിൽ വേദാന്ത് ത്രിവേദിയും മടങ്ങിയതോടെ ഇന്ത്യ ആറിന് 182 റൺസെന്ന നിലയിലായി. പിന്നീട് ആംബ്രിഷ് (29), കനിഷ്‌ക് ചൗഹാൻ (35), ഖിലൻ പട്ടേൽ (21) എന്നിവരുടെ ഇന്നിങ്സുകളാണ് സ്‌കോർ 250 കടത്തിയത്. പാകിസ്താനായി അബ്ദുൾ സുബാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.