നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. വനിതകളുടെ ലോങ് ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളി നേടിയതിന് പിന്നാലെ പുരുഷന്മാരുടെ ഹൈജംപിൽ സർവേഷ് കുഷാരെയും വെള്ളി നേടി. വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചേസ്, പുരുഷന്മാരുടെ ഡെക്കാത്‌ലൺ എന്നിവയിലും ഇന്ത്യ മെഡൽ നേടി.

To advertise here,

2.25 മീറ്റർ ഉയരം ചാടിയാണ് ഹൈജംപിൽ കുഷാരെ വെള്ളി കഴുത്തിലണിഞ്ഞത്. തായ്‌വാന്റെ ഷാവോ സുവാൻ ഫു സ്വർണവും കൊറിയയുടെ സംഗിയോക് വൂ വെങ്കലവും നേടി. വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി വെങ്കലം നേടി. വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹരിത ഭദ്ര വെങ്കലം നേടി. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്. സിംഗപുർ താരം ശാന്തി പെരെയ്‌ര സ്വർണവും ചൈനയുടെ യുജി ഷെൻ വെള്ളിയും നേടി.

പുരുഷന്മാരുടെ ഡെക്കാത്‌ലണിലും ഇന്ത്യ വെങ്കലം നേടി. തേജശ്വിൻ ശങ്കറാണ് മികച്ച പ്രകടനത്തോടെ മൂന്നാമതെത്തിയത്. പത്ത് ഇനങ്ങളിലായി തേജശ്വിൻ 7934 പോയന്റ് നേടി. അവസാന ഇനമായ 1500 മീറ്ററിൽ ഒന്നാമതെത്തിയതും തേജശ്വിനായിരുന്നു. ജപ്പാൻ താരം യുമ മരുയാമ 8123 പോയന്റോടെ സ്വർണം നേടി.