ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ യുവനിരയ്‌ക്കെതിരേ വിജയിച്ച് കിരീടമണിഞ്ഞിരിക്കുകയാണ് പാകിസ്താൻ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യൻ ടീമിനെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് പാകിസ്താൻ പുറത്തെടുത്തത്. ഒരിക്കൽ കൂടി ഒരു ഫൈനലിൽ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ പാകിസ്താന് സാധിക്കുമ്പോൾ അതിൽ ശ്രദ്ധേയമാകുന്നത് മുൻ പാകിസ്താൻ താരമായ സർഫറാസ് അഹമ്മദിന്റെ സാന്നിധ്യമാണ്. ഫൈനലിൽ ഇന്ത്യയെ തോൽപിച്ച പാകിസ്താൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനാണ് സർഫറാസ്.

To advertise here,

എട്ടര വർഷങ്ങൾക്കു ശേഷമാണ് ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി പാകിസ്താൻ കിരീടം നേടുന്നത്. ഇതിനു മുമ്പ് 2017-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു ഇന്ത്യ, പാകിസ്താനോട് തോൽവിയറിഞ്ഞത്. അന്ന് പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു സർഫറാസ്. അവിടംകൊണ്ടും തീർന്നില്ല. 2006-ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ കീഴടക്കിയാണ് പാകിസ്താൻ കിരീടമണിഞ്ഞത്. അന്ന് ആ പാക് അണ്ടർ 19 ടീമിന്റെ നായകനും സർഫറാസായിരുന്നു. ഇങ്ങനെ മൂന്നു തവണ ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഇന്ത്യയെ മറികടന്ന് കിരീടം നേടിയ പാക് ടീമിന്റെ ഭാഗമായി സർഫറാസ് ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

2006 ഫെബ്രുവരി 19-ന് കൊളംബോയിൽ നടന്ന ഫൈനലിലാണ് സർഫറാസിന്റെ അണ്ടർ 19 പാകിസ്താൻ ടീം ഇന്ത്യയെ കീഴടക്കി കിരീടം നേടിയത്. രോഹിത് ശർമ, ചേതേശ്വർ പുജാര, രവീന്ദ്ര ജഡേജ, പിയുഷ് ചൗള എന്നിവരടങ്ങിയ ഇന്ത്യൻ സംഘത്തെയാണ് അന്നത്തെ കലാശപ്പോരിൽ സർഫറാസും സംഘവും പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.5 ഓവറിൽ വെറും 109 റൺസിന് പുറത്തായിരുന്നു. എന്നാൽ, അനായാസ ജയം ലക്ഷ്യമിട്ട ഇന്ത്യയെ 18.5 ഓവറിൽ വെറും 71 റൺസിന് പുറത്താക്കി പാക് ടീം കിരീടമണിയുകയായിരുന്നു.

പിന്നീട് 2017 ജൂൺ 18-ന് ഓവലിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 180 റൺസിന് കീഴടക്കിയാണ് പാക് ടീം ജേതാക്കളായത്. അന്നും ടീമിന്റെ ക്യാപ്റ്റൻ സർഫറാസ് തന്നെ. ഫഖർ സമാന്റെ സെഞ്ചുറിയും അസ്ഹർ അലി, മുഹമ്മദ് ഹഫീസ് എന്നിവരുടെ അർധ സെഞ്ചുറികളുമായപ്പോൾ പാകിസ്താൻ പടുത്തുയർത്തിയത് 50 ഓവറിൽ നാലു വിക്കറ്റിന് 338 റൺസ്. മുഹമ്മദ് ആമിർ ഞെട്ടിച്ചപ്പോൾ ഇന്ത്യയുടെ മുൻനിര തകർന്നു. 30.3 ഓവറിൽ വെറും 158 റൺസിന് ഇന്ത്യ ഓൾഔട്ട്.

അവിടെനിന്ന് എട്ടു വർഷങ്ങൾക്കിപ്പുറം അതേ സർഫറാസ് അഹമ്മദ് പരിശീലിപ്പിച്ച ടീം ഇന്ത്യയെ മറ്റൊരു ഐസിസി ഫൈനലിൽ കൂടി തോൽപ്പിച്ചിരിക്കുന്നു.