ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ 244 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 334 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 89 റൺസിന് പുറത്തായി. മത്സരത്തിലെ ഇന്ത്യയുടെ ബാറ്റിങ് മാത്രമല്ല, ഫീൽഡിങ്ങും ഏറെ വിമർശിക്കപ്പെട്ടു. ഒട്ടേറെ തവണയാണ് ഇന്ത്യൻ താരങ്ങൾ ക്യാച്ച് കൈവിട്ടുകളഞ്ഞത്. എന്നാൽ രോഹിത് ശർമയെടുത്ത ഒരു ക്യാച്ച് ഏവരെയും അമ്പരപ്പിച്ചു.

To advertise here,

മത്സരത്തിന്റെ 31-ാം ഓവറിലാണ് രോഹിത്തിന്റെ ക്യാച്ച് പിറന്നത്. ന്യൂസിലൻഡ് ബാറ്റർ ഫിൻ അലനായിരുന്നു ക്രീസിൽ. 41 റൺസിൽ നിൽക്കുകയായിരുന്നു താരം. അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ ഒരു ബൗണ്ടറി നേടാനുള്ള ശ്രമത്തിലായിരുന്നു അലൻ. എന്നാൽ പന്ത് മൈതാനത്ത് വീഴും മുൻപേ രോഹിത് കൈപ്പിടിയിലാക്കി. അലന്റെ ഷോട്ട് ഷോർട്ട് കവറിൽ വെച്ചാണ് രോഹിത് കൈപ്പിടിയിലാക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. നിരാശയോടെ ഫിൻ അലൻ കളംവിടുന്നതും വീഡിയോയിൽ കാണാം.

അതേസമയം രോഹിത് മത്സരത്തിന്റെ തുടക്കത്തിൽ ക്യാച്ച് കൈവിട്ടിരുന്നു. ആഖ്വിബ് നബിയെറിഞ്ഞ രണ്ടാം ഓവറിൽ വിൽ യങ്ങിനെ പുറത്താക്കാനുള്ള അവസരമാണ് രോഹിത് നഷ്ടപ്പെടുത്തിയത്. ഓവറിലെ അഞ്ചാം പന്തിലാണിത്. യങ്ങിന്റെ ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്ന രോഹിത് കൈപ്പിടിയിലാക്കാൻ ശ്രമിച്ചെങ്കിലും പാളി. പന്ത് രോഹിത്തിന്റെ കൈയ്യിൽ നിന്ന് വഴുതി വീണു. നിരാശയോടെ മൈതാനത്ത് നിൽക്കുന്ന രോഹിത്തിനെയാണ് പിന്നീട് കാണുന്നത്.

എന്നാൽ തൊട്ടടുത്ത പന്തിലും സമാനമായിരുന്നു സ്ഥിതി. യങ്ങിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ മുന്നിലേക്ക്. എന്നാൽ ഡൈവ് ചെയ്ത് ഒറ്റകൈയ്യിൽ ക്യാച്ചെടുക്കാനുള്ള കിഷന്റെ നീക്കവും വിജയിച്ചില്ല. ക്യാച്ച് കൈവിട്ടതോടെ രണ്ടാം തവണയും യങ്ങിന് ജീവൻ തിരിച്ചുകിട്ടി. ഈ സമയം വെറും അഞ്ച് റൺസിൽ നിൽക്കുകയായിരുന്നു കിവീസ് ബാറ്റർ. എന്നാൽ ഈ ക്യാച്ചിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടിവന്നു. താരം 125 റൺസാണ് അടിച്ചെടുത്തത്.