സിഡ്‌നി: മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയുടെ ആത്മകഥയാണ് 2018-ലെ കേപ് ടൗൺ ടെസ്റ്റിനിടയിലെ 'സാൻഡ്പേപ്പർഗേറ്റ്' പന്ത് ചുരണ്ടൽ വിവാദം വീണ്ടും ആളിക്കത്തിച്ചത്. ടെസ്റ്റിനിടെ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ച സംഭവത്തിൽ, ഡ്രസ്സിങ് റൂമിലെ മറ്റു കളിക്കാർക്കും പരിശീലകർക്കും അറിവുണ്ടായിരുന്നു എന്ന് ഖവാജ ആരോപിച്ചിരുന്നു. എന്നാൽ താരത്തിന്റെ ആരോപണങ്ങൾ തള്ളി ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രംഗത്തെത്തുകയും ചെയ്തു.
അതേസമയം പാകിസ്താൻ പശ്ചാത്തലവും ചർമത്തിന്റെ നിറവും കാരണമാണ് തനിക്ക് ഓസ്ട്രേലിയൻ ടീമിന്റെ നായകസ്ഥാനം ലഭിക്കാതിരുന്നത് എന്ന ഉസ്മാൻ ഖവാജയുടെ ഗുരുതരമായ ആരോപണവും കമ്മിൻസ് പൂർണമായും തള്ളിക്കളഞ്ഞു. തെളിവുകളില്ലാതെ ഇത്തരമൊരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും, ഓസ്ട്രേലിയൻ ക്രിക്കറ്റ് നായകസ്ഥാനം നിറത്തിന്റെയോ വംശത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കപ്പെടുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഖവാജ തന്റെ പുസ്തകത്തിലൂടെ ഉന്നയിച്ച അവകാശവാദങ്ങൾക്ക് മറുപടി നൽകാൻ കമ്മിൻസ് വാർത്താസമ്മേളനം വിളിച്ചു ചേർക്കുകയായിരുന്നു.
2018-ലെ പന്തുചുരണ്ടൽ വിവാദത്തിനു ശേഷം അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയപ്പോൾ, താത്കാലിക നായകനായി തിരഞ്ഞെടുക്കപ്പെടാൻ താൻ അർഹനായിരുന്നുവെന്ന് ഖവാജ അവകാശപ്പെടുന്നു. അക്കാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ ക്വീൻസ്‌ലൻഡ് ടീമിനെ നയിച്ചിരുന്ന ഖവാജ, പാകിസ്താനിൽ ജനിച്ച ഓസ്‌ട്രേലിയയുടെ ആദ്യ ദേശീയ താരം കൂടിയാണ്.
ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്ക് താൻ അവഗണിക്കപ്പെട്ടതിന് ഖവാജ പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി മുൻപുണ്ടായ ശമ്പള തർക്കങ്ങളിലെ പ്രമുഖ പങ്കാളിത്തവും തന്റെ പാരമ്പര്യവും. തവിട്ടുനിറമുള്ള ഒരു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റനെ സ്വീകരിക്കാൻ ബോർഡ് തയ്യാറല്ലായിരുന്നു എന്നതും. തുടർന്ന് ടിം പെയ്‌നെ താത്കാലിക ക്യാപ്റ്റനായി നിയമിക്കുകയും, 2021-ൽ പാറ്റ് കമ്മിൻസ് ആ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
ഖവാജയുടെ പുസ്തകത്തിലെ പല കാര്യങ്ങളോടും താൻ യോജിക്കുന്നുണ്ടെങ്കിലും, നായകസ്ഥാനത്തെക്കുറിച്ചുള്ള ഈ ആരോപണത്തോട് പൂർണമായും വിയോജിക്കുന്നുവെന്ന് പാറ്റ് കമ്മിൻസ് വ്യക്തമാക്കി. ''താൻ വഹിക്കുന്ന ഈ പദവി ഒരാളുടെ ചർമത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് കരുതുന്നത് വളരെ വലിയൊരു പ്രസ്താവനയാണ്. അങ്ങനെ പറയുമ്പോൾ അതിന് കൃത്യമായ തെളിവുകൾ ഉണ്ടായിരിക്കണം. ഓസ്‌ട്രേലിയൻ ക്യാപ്റ്റനാകാൻ പ്രത്യേക ചർമനിറം വേണമെന്ന വാദത്തോട് എനിക്ക് യോജിക്കാൻ കഴിയില്ല.'' - കമ്മിൻസ് പറഞ്ഞു.
ഖവാജ നല്ലൊരു സുഹൃത്താണെങ്കിലും മറ്റുള്ളവരുടെ ജീവിതവും കീർത്തിയും വച്ച് കളിക്കരുതെന്ന് കമ്മിൻസ് കൂട്ടിച്ചേർത്തു. ഖവാജയുടെ ചില ആരോപണങ്ങൾ മാനനഷ്ടക്കേസിന് അർഹമാണെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും നിയമനടപടിക്ക് പോകുന്നില്ലെന്ന് കമ്മിൻസ് വ്യക്തമാക്കി.
Content Highlights: Usman Khawaja alleged in his autobiography that Pakistani heritage and skin color cost him the Australian cricket captaincy., Pat Cummins strongly denied the allegations, stating that skin color is never a criterion for the captaincy., Cummins also addressed Khawaja's claims regarding the 2018 Sandpaper-gate scandal and defended the Australian cricket board.
Published: 13 Nov 2026, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented