അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ വിജയത്തിൽ മുംബൈ ഇന്ത്യൻസിന് നിർണായകമായത് മധ്യനിര ബാറ്റർ തിലക് വർമയുടെ തട്ടുപൊളിപ്പൻ ഇന്നിങ്‌സായിരുന്നു. ഇത്തവണത്തെ ടൂർണമെന്റിൽ കാര്യമായി തിളങ്ങാൻ സാധിക്കാതിരുന്ന തിലകിന്റെ മറ്റൊരു മുഖമാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്. അതിന് കാരണമായതോ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പരസ്യ ശകാരവും.

To advertise here,

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടേത് അത്ര മികച്ച തുടക്കമായിരുന്നില്ല. മികച്ച റൺറേറ്റിൽ സ്‌കോർ ചെയ്യാൻ അവരുടെ ടോപ് ഓർഡർ ബാറ്റർമാർക്ക് ആർക്കും തന്നെ സാധിച്ചില്ല. ഇതിനിടെയാണ് തിലക് പതിവുപോലെ സ്‌കോർ ചെയ്യാൻ ബുദ്ധിമുട്ടിയത്.

ആദ്യ 22 പന്തിൽ 19 റൺസ് മാത്രമാണ് തിലകിന് നേടാനായത്. എന്നാൽ 14-ാം ഓവറിന് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ക്രീസിലെത്തി. രണ്ടാം സ്ട്രാറ്റജിക് ടൈംഔട്ടിനിടെ തിലകിനോട് ഹാർദിക് കയർത്ത് സംസാരിക്കുന്നത് കാണാമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ ഹാർദിക് വളരെ ആക്രമണോത്സുകമായ രീതിയിൽ ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് തിലകിനോട് സംസാരിക്കുന്നതാണ് കാണുന്നത്. ആ സമയത്ത് തിലക് അത് നിശബ്ദമായി കേട്ടുനിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ക്രീസിൽ കണ്ടത് മറ്റൊരു തിലക് വർമയെയായിരുന്നു. 15-ാം ഓവർ എറിഞ്ഞ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരേ ഒരു സിക്‌സും രണ്ട് ഫോറും അടിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആക്രമണം ആരംഭിച്ചത്. ഹാർദിക്കിന്റെ ശകാരത്തിനു ശേഷം നേരിട്ട 23 പന്തിൽ നിന്ന് തിലക് അടിച്ചെടുത്തത് 82 റൺസാണ്. ആകെ എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

45 പന്തിൽ നിന്ന് സെഞ്ചുറി തികച്ച തിലക് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡും സ്വന്തം പേരിലാക്കി. 2008-ൽ സനത് ജയസൂര്യ സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്താൻ തിലകിനായി. താരം പുറത്താകാതെ 101 റൺസെടുത്തു. ഈ മത്സരത്തിന് മുൻപുള്ള അഞ്ച് ഇന്നിങ്സുകളിൽ യഥാക്രമം 20, 0, 14, 1, 8 എന്നിങ്ങനെയായിരുന്നു തിലകിന്റെ സ്‌കോറുകൾ. എന്തായാലും ഹാർദിക്കിന്റെ ഇടപെടൽ കാരണം മോശം ഫോം മറികടക്കാൻ തിലകിനായി.

തിലകിന്റെ സെഞ്ചുറിയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് വെറും 100 റൺസിന് ഓൾഔട്ടായി. മുംബൈക്ക് 99 റൺസിന്റെ മികച്ച വിജയവും.