ചെന്നൈ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗം ജി. കമാലിനിക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. 75 ലക്ഷം രൂപയാണ് 18-കാരിയായ കമാലിനിക്ക് നൽകുക.

To advertise here,

'ഏഷ്യൻ ഗെയിംസിൽ ചരിത്ര സ്വർണം നേടിയ  ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും. ക്രിക്കറ്റ് താരം കമാലിനിയുടെ നേട്ടങ്ങളിൽ തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ പാരിതോഷികമായി നൽകും. കമാലിനിയെപ്പോലെയുള്ള പ്രതിഭകൾക്കൊപ്പം എന്നും സർക്കാർ ഉണ്ടാകും. ഈ നേട്ടം ഇവിടുത്തെ സ്ത്രീകൾക്കും യുവാക്കൾക്കും പ്രചോദനമാകും. ഇനിയും വിജയങ്ങൾ നേടാനാകട്ടെ.'-വിജയ് എക്‌സിൽ കുറിച്ചു.

തമിഴ്‌നാട് മധുര സ്വദേശിയാണ് കമാലിനി ഗുണാലൻ. വിക്കറ്റ് കീപ്പർ ബാറ്ററും സ്പിൻ ബൗളറുമാണ് കമാലിനി. ഏഷ്യൻ ഗെയിംസിൽ മൂന്ന് മത്സരങ്ങളാണ് താരം കളിച്ചത്. ബംഗ്ലാദേശിനെതിരെ മൂന്ന് റൺസ് നേടിയപ്പോൾ ജപ്പാനെതിരെ റണ്ണൊന്നുമെടുത്തില്ല. ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. 2025 ഡിസംബറിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് കമാലിനി ഇന്ത്യൻ ജെഴ്‌സിയിൽ അരങ്ങേറിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരമാണ്.