മുംബൈ: ന്യൂസീലൻഡിനെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിൽ നിന്ന് ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയെ ഒഴിവാക്കണമെന്ന് ഇന്ത്യയുടെ മുൻതാരം സുനിൽ ഗാവസ്‌കർ. ഇത് കഠിനമായ തീരുമാനം ആണെന്ന് അറിയാമെന്നും ഓരോ മത്സരത്തിലും അശ്രദ്ധ കാരണം ഔട്ടായിട്ടും അഭിഷേക് അതിൽ നിന്ന് പാഠം പഠിക്കുന്നില്ലെന്നും ഗാവസ്‌കർ വ്യക്തമാക്കി.

To advertise here,

'ഇതൊരു കഠിനമായ തീരുമാനമാണ്. അഭിഷേക് ശർമ്മ ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ്. അദ്ദേഹത്തിന് തന്റെ പുറത്താകലുകളിൽനിന്ന് പഠിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഇതുവരെ ഇത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.അല്ലെങ്കിൽ അദ്ദേഹത്തിന്റെ സമീപനം മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് എന്റെ ആശങ്ക.'-ദേശീയ മാധ്യമത്തോട് ഗാവസ്‌കർ പ്രതികരിച്ചു.

ഇഷാൻ കിഷൻ സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ഇറങ്ങണമെന്നും അഭിഷേകിന് പകരം റിങ്കു സിങ്ങ് ടീമിൽ വരണമെന്നും ഗാവസ്‌കർ കൂട്ടിച്ചേർത്തു. ഗാവസ്‌കർ നിർദ്ദേശിച്ച മറ്റൊരു മാറ്റം വരുൺ ചക്രവർത്തിയെ കുൽദീപ് യാദവിന് പകരം ഉൾപ്പെടുത്തുക എന്നതാണ്. 'ഞാൻ പരിഗണിക്കുന്ന മറ്റൊരു മാറ്റം കുൽദീപ് യാദവിനെ ഉൾപ്പെടുത്തുക എന്നതാണ്. വരുൺ ചക്രവർത്തിയുടെ ആത്മവിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ടതായി കാണപ്പെടുന്നു. സൂപ്പർ എയിറ്റ് ഘട്ടം മുതൽ, ശക്തമായ ടീമുകളെ നേരിട്ടപ്പോൾ അദ്ദേഹം ധാരാളം റൺസ് വഴങ്ങി. നരേന്ദ്ര മോദി സ്റ്റേഡിയം പോലുള്ള ഗ്രൗണ്ടുകളിൽ, വലിയ ബൗണ്ടറികളുള്ള സ്ഥലങ്ങളിൽ കുൽദീപ് യാദവ് ഒരു നല്ല ഓപ്ഷനായിരിക്കാം. കാരണം ഫ്‌ളാറ്റ് ട്രാക്കുകളിൽ പോലും അദ്ദേഹത്തിന് പന്ത് തിരിക്കാൻ കഴിയും.'-ഗാവസ്‌കർ വ്യക്തമാക്കി.

ടൂർണമെന്റിൽ ഇതുവരെ 80 റൺസാണ് അഭിഷേക് നേടിയത്. സിംബാബ്​വെയ്ക്കെതിരെ 55 റൺസ് നേടിയ പ്രകടനമാണ് ആശ്വാസം. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റർ അഭിഷേകായിരുന്നു. എന്നാൽ യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് അസുഖം ബാധിച്ചു. ഏകദേശം രണ്ട് കിലോഗ്രാം ഭാരം കുറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഫോമിനെ ബാധിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ടീമിൽ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഫൈനൽ കളിക്കാനിറങ്ങുന്നത്.