നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ക്രിക്കറ്റിൽ കരുത്തരായ അഫ്ഗാനിസ്താനെ അട്ടിമറിച്ച് നേപ്പാൾ. അഞ്ചുവിക്കറ്റിനാണ് നേപ്പാളിന്റെ ജയം. അഫ്ഗാൻ ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ മറികടന്നു. അവസാന മത്സരത്തിൽ ജപ്പാനെ കീഴടക്കിയാൽ നേപ്പാളിന് ക്വാർട്ടറിലേക്ക് മുന്നേറാം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് 12 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. വൺഡൗണായി ഇറങ്ങിയ സുന്ദീപ് ജോറയാണ് പിന്നീട് നേപ്പാളിന് രക്ഷയായത്. മികവോടെ അഫ്ഗാൻ ബൗളർമാരെ നേരിട്ട ജോറ ടീമിനെ അമ്പത് കടത്തി. കുശാൽ മല്ല ഒൻപത് റൺസെടുത്തും ജോറ 34 റൺസെടുത്തും പുറത്തായി. 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു നേപ്പാൾ.
അഞ്ചാം വിക്കറ്റിൽ ദിപേന്ദ്ര സിങ്ങും രോഹിത് പൗഡലും ഒന്നിച്ചതോടെ അഫ്ഗാന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇരുവരും നേപ്പാൾ ഇന്നിങ്‌സിനെ കരുത്തോടെ മുന്നോട്ടുനയിച്ചു. രോഹിത് പൗഡലായിരുന്നു മികച്ചുനിന്നത്. അഞ്ചാം വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ട് പിറന്നതോടെ നേപ്പാൾ ജയത്തിനടുത്തെത്തി. ദിപേന്ദ്ര സിങ് 15 റൺസെടുത്ത് പുറത്തായി. ഒടുക്കം 17.2 ഓവറിൽ നേപ്പാൾ ലക്ഷ്യത്തിലെത്തി. രോഹിത് 33 റൺസുമായി പുറത്താകാതെ നിന്നു.
രണ്ട് മത്സരങ്ങളിൽ ഒരു ജയവും തോൽവിയുമടക്കം രണ്ട് പോയന്റാണ് അഫ്ഗാനുള്ളത്. നേപ്പാളിനും രണ്ട് പോയന്റുണ്ട്. അവസാനമത്സരത്തിൽ ജപ്പാനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ജേതാക്കളായി നേപ്പാളിന് ക്വാർട്ടറിലേക്ക് മുന്നേറാം. അതേസമയം രണ്ടാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാമെന്നതിനാൽ അഫ്ഗാനും സാധ്യതയുണ്ട്.
ആദ്യം ബാറ്റുചെയ്ത അഫ്ഗാൻ തുടക്കത്തിൽ തന്നെ പതറി. 16 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഹസ്സൻ ഐസാഖിൽ(0), മുഹമ്മദ് അക്രം(2), കരീം ജനത്(9) എന്നിവർ വേഗം മടങ്ങി. നേപ്പാളിന്റെ ലളിത് രാജ്ബൻഷിയാണ് മൂന്നുവിക്കറ്റുകളുമെടുത്തത്. നാലാം വിക്കറ്റിൽ ഒന്നിച്ച ഫൈസൽ ഷിനോസാദയും നജിബുള്ള സദ്രാനും ചേർന്നാണ് പിന്നീട് അഫ്ഗാനെ കരകയറ്റിയത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ അഫ്ഗാൻ സ്‌കോർ അമ്പത് കടന്നു.
സ്‌കോർ 55ൽ നിൽക്കേ ഫൈസലിനെ പുറത്താക്കി നേപ്പാൾ അഫ്ഗാനെ പ്രതിരോധത്തിലാക്കി. 30 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ 39 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തിയതോടെ അഫ്ഗാന് വലിയ ടോട്ടൽ പടുത്തുയർത്താനായില്ല. മുഹമ്മദ് ഇഷാഖ്(7), ദർവിഷ് റസൂലി(0) എന്നിവരാണ് പിന്നീട് പുറത്തായത്. 30 റൺസെടുത്ത നജിബുള്ള സദ്രാനാണ് ടീമിനെ 90 കടത്തിയത്. ഒടുക്കം 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 102 റൺസിന് അഫ്ഗാൻ ഇന്നിങ്‌സ് അവസാനിച്ചു. നേപ്പാളിനായി കുശാൽ ഭുർട്ടൽ നാലുവിക്കറ്റെടുത്തു.
Content Highlights: Nepal defeated Afghanistan by 5 wickets in Asian Games men's cricket
Published: 25 Sept 2026, 03:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented