ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2023 ജനുവരിയിലെ ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ ശുഭ്മാന്‍ ഗില്‍. മികച്ച വനിതാതാരമായി ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീം നായിക ഗ്രേസ് സ്‌ക്രൈവെന്‍സിനെ തിരഞ്ഞെടുത്തു.
ജനുവരിയില്‍ ഏകദിനത്തിലും ട്വന്റി 20യിലും തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഗില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പുരസ്‌കാരം നേടിയത്. ശ്രീലങ്ക, ന്യൂസീലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പരയില്‍ ഗില്‍ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്.
ജനുവരിയില്‍ രണ്ട് ഫോര്‍മാറ്റില്‍ നിന്നുമായി 567 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. 23 കാരനായ ഗില്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഇരട്ടസെഞ്ചുറിയും ട്വന്റി 20യില്‍ സെഞ്ചുറിയും നേടി ചരിത്രം കുറിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം 149 പന്തുകളില്‍ നിന്ന് 208 റണ്‍സെടുത്തു. രണ്ടാം മത്സരത്തില്‍ പുറത്താവാതെ 40 റണ്‍സെടുത്ത താരം മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി. 112 റണ്‍സാണ് ഗില്‍ നേടിയത്. പരമ്പരയുടെ താരമായും ഗില്‍ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നാലെ വന്ന ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വെറും 63 പന്തുകളില്‍ നിന്ന് പുറത്താവാതെ 126 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 70 റണ്‍സാണ് ഗില്‍ നേടിയത്. മൂന്നാം മത്സരത്തില്‍ താരം സെഞ്ചുറി നേടി. 97 പന്തില്‍ നിന്ന് 116 റണ്‍സ്.
ജനുവരിയിലെ കണക്കെടുക്കുമ്പോള്‍ ഗില്‍ ഒരു ഇരട്ട സെഞ്ചുറിയും മൂന്ന് സെഞ്ചുറിയും നേടി. ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വേ, ഇന്ത്യയുടെ തന്നെ മുഹമ്മദ് സിറാജ് എന്നിവരെ മറികടന്നാണ് ഗില്‍ പുരസ്‌കാരം നേടിയത്.
മറുവശത്ത് ഗ്രേസ് സ്‌ക്രൈവന്‍സ് പുതിയ റെക്കോഡ് സ്ഥാപിച്ചു. ഐ.സി.സി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരം എന്ന റെക്കോഡ് ഗ്രേസ് സ്വന്തമാക്കി. ഗ്രേസിന്റെ മികവിലാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 293 റണ്‍സാണ് ഗ്രേസ് അടിച്ചുകൂട്ടിയത്. 41.85 ആണ് ശരാശരി. ഒപ്പം ഒന്‍പത് വിക്കറ്റുകളും സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ ബേത്ത് മൂണി, ഫോബെ ലിച്ച്ഫീല്‍ഡ് എന്നിവരെ മറികടന്നാണ് ഗ്രേസ് പുരസ്‌കാരം നേടിയത്.
Content Highlights: Shubman Gill Named ICC Men's Player of January
Published: 13 Feb 2023, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented