ന്യൂഡൽഹി: സൂര്യകുമാർ യാദവിന് പകരം ഇന്ത്യയുടെ പുതിയ ടി20 നായകനാകാൻ ശ്രേയസ്സ് അയ്യർ. അയ്യരുടെ ക്യാപ്റ്റൻസിയിൽ അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ശനിയാഴ്ച പ്രഖ്യാപിക്കും. കൗമാരതാരം വൈഭവ് സൂര്യവംശിയെ ടീമിലെടുത്തേക്കുമെന്നാണ് വിവരം. സൂര്യയുടെ നായകത്വത്തിൽ ടി20 ലോകകപ്പ് ജേതാക്കളായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണ് വരാനിരിക്കുന്നത്.

To advertise here,

2028 ലോസ് ആഞ്ജലീസ് ഒളിമ്പിക്‌സും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ട് ടി20 സ്‌ക്വാഡിനെ അഴിച്ചുപണിയാൻ ഒരുങ്ങുകയാണ് ബിസിസിഐ. വൈഭവ് സൂര്യവംശിയടക്കം ഐപിഎല്ലിൽ മിന്നും ഫോമിൽ കളിച്ച താരങ്ങൾക്ക് ടീമിൽ ഇടംകിട്ടിയേക്കും. അതേസമയം ക്യാപ്റ്റൻസി നഷ്ടപ്പെട്ട സൂര്യ ടീമിൽ പോലും ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു. സൂര്യകുമാർ യാദവിന്റെ മോശം പ്രകടനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചത്. സൂര്യകുമാർ യാദവിന്റെ നായകത്വത്തിൽ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയെങ്കിലും ക്യാപ്റ്റൻസിയുടെ അടിസ്ഥാനത്തിൽ മാത്രം സൂര്യ ടീമിൽ തുടരേണ്ടതില്ലെന്ന നിലപാടാണ് ബിസിസിഐ കൈക്കൊണ്ടത്.

സെലക്ഷൻ കമ്മിറ്റി, ബിസിസിഐ, ടീം മാനേജ്‌മെന്റ് എന്നിവർ കോച്ച് ഗൗതം ഗംഭീറുമായി കൂടിയാലോചിച്ചാണ് സൂര്യയെ നായകസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനമെടുത്തതെന്നാണ് വിവരം. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ടീം ടി20 ലോകകപ്പ് നേടിയെങ്കിലും, അദ്ദേഹത്തിന്റെ ഫോമും ഭാവിയും പരിഗണിച്ച്, മുന്നോട്ട് പോകേണ്ട സമയമായെന്നാണ് വിലയിരുത്തൽ.

സൂര്യക്ക് പകരം ശ്രേയസ്സ് അയ്യർ പുതിയ നായകനാകും. 2023 ന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ അയ്യർ ടി20 മത്സരം കളിച്ചിട്ടില്ല. 2023 ഡിസംബറിൽ ഓസ്‌ട്രേലിയക്കെതിരേയാണ് അവസാനമായി കളിച്ചത്. സ്‌ക്വാഡ് കോമ്പിനേഷനാണ് അയ്യർക്ക് തിരിച്ചടിയായിരുന്നത്. മധ്യനിരയിൽ സൂര്യകുമാറും തിലക് വർമയും സ്ഥാനംപിടിച്ചതോടെ അയ്യർക്ക് ആദ്യപതിനൊന്നിൽ ഇടംപിടിക്കാൻ സാധിച്ചില്ല. ഈ വർഷം ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ടി20 ടീമിൽ ശ്രേയസ്സ് അയ്യരെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഒരു മത്സരവും കളിച്ചില്ല.

ഐപിഎല്ലിൽ കൊൽക്കത്ത, ഡൽഹി, പഞ്ചാബ് ടീമുകളെ നയിച്ച പരിചയസമ്പത്തുണ്ട് ശ്രേയസ്സിന്. 2024-ൽ കൊൽക്കത്തയെ ഐപിഎൽ ചാമ്പ്യന്മാരാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കായി 51 ടി20 മത്സരങ്ങളിൽ നിന്നായി 1104 റൺസെടുത്തിട്ടുണ്ട്. എട്ടുതവണ അർധസെഞ്ചുറി തികച്ചു.

ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയ കൗമാരതാരം വൈഭവ് സൂര്യവംശി ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടേക്കും. സമീപകാലത്ത് ഉജ്ജ്വല പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. അഞ്ച് അവാർഡുകളാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ വൈഭവ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ മികച്ച താരം, എമേർജിങ് പ്ലെയർ, കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്, സൂപ്പർ സ്‌ട്രൈക്കർ, കൂടുതൽ സിക്‌സ് എന്നീ പുരസ്‌കാരങ്ങളാണ് 15-കാരൻ താരം നേടിയത്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി. 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 237.31 ആണ് സ്‌ട്രൈക്ക് റേറ്റ്.