ലണ്ടൻ: വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ തകർപ്പൻ സെഞ്ചുറിയുമായി രോഹിത് ശർമയുടെ മറുപടി. ലോർഡ്‌സ് ഏകദിനത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു രോഹിത് തന്റെ 34-ാം ഏകദിന സെഞ്ചുറി കുറിച്ചത്. മാത്രമല്ല ഒരു വിദേശ രാജ്യത്ത് എട്ട് ഏകദിന സെഞ്ചുറികൾ നേടുന്ന ലോകത്തിലെ ആദ്യത്തെ താരമെന്ന നേട്ടവും ഈ മത്സരത്തിലൂടെ രോഹിത് സ്വന്തം പേരിലാക്കി. 110 പന്തുകൾ നേരിട്ട രോഹിത് അഞ്ചു സിക്‌സും 17 ഫോറുമുൾപ്പെടെ 138 റൺസെടുത്തു.

To advertise here,

ഇംഗ്ലണ്ടിൽ രോഹിത്തിന്റെ എട്ടാം സെഞ്ചുറിയായിരുന്നു ഇത്. ഒരു വിദേശ രാജ്യത്ത് ഏഴ് സെഞ്ചുറികൾ വീതം നേടിയ സച്ചിൻ തെണ്ടുൽക്കർ (യുഎഇ), ക്വിന്റൺ ഡി കോക്ക് (ഇന്ത്യ), എബി ഡിവില്ലിയേഴ്സ് (ഇന്ത്യ), സയീദ് അൻവർ (യുഎഇ) എന്നിവരുടെ റെക്കോഡാണ് രോഹിത് മറികടന്നത്.

ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ താരങ്ങളിൽ മുൻ ഇംഗ്ലണ്ട് ഓപ്പണർ മാർക്കസ് ട്രെസ്‌കോത്തിക്കിനൊപ്പം രോഹിത് രണ്ടാം സ്ഥാനത്തെത്തി. 10 സെഞ്ചുറികളുമായി ജോ റൂട്ട് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് മുന്നിലുള്ളത്.

ഇംഗ്ലണ്ടിൽ കളിച്ച 30 ഇന്നിങ്‌സുകളിൽ നിന്നായി 65.29 ശരാശരിയിൽ 1567 റൺസ് രോഹിത് നേടിയിട്ടുണ്ട്. 90.78 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (657), ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (364), ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ (8) എന്നീ റെക്കോഡുകളും നിലവിൽ രോഹിത്തിന്റെ പേരിലാണ്.

മാത്രമല്ല ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോർഡ്‌സിൽ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററെന്ന ചരിത്ര നേട്ടവും രോഹിത് സ്വന്തമാക്കി. ലോർഡ്‌സിൽ ഇതുവരെ ഒരു ഇന്ത്യൻ താരത്തിനും ഏകദിന സെഞ്ചുറി നേടാൻ സാധിച്ചിട്ടില്ല.

39 വയസും 80 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത്തിന്റെ ഈ സെഞ്ചുറി നേട്ടം. ഇതോടെ ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലായി. 38 വയസും 327 ദിവസവും പ്രായമുള്ളപ്പോൾ സെഞ്ചുറി നേടിയ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് രോഹിത് മറികടന്നത്.