ചെന്നൈ: ബിസിസിഐ കരാറിൽ നിന്ന് പുറത്തായതിന് ശേഷമുള്ള പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച്, തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ ഈസ്റ്റ് സോൺ ക്യാപ്റ്റനായ ഇഷാൻ അടിച്ചുകൂട്ടിയ 270 റൺസ് താരത്തിന്റെ കരിയറിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമാകാം.

To advertise here,

2023-ൽ ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന കിഷന് അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടർന്ന് ബിസിസിഐയുടെ കേന്ദ്ര കരാർ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ തിരിച്ചടിയിൽ തളരാതെ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോകുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐ നിർദേശം പാലിക്കാതിരുന്നതാണ് കിഷനെ കരാറിൽ നിന്ന് മാറ്റിനിർത്താൻ കാരണം.

ഏകദേശം രണ്ട് വർഷത്തോളം ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്ത താരം 2025-26 സീസണിലെ രഞ്ജി ട്രോഫിയിൽ തിളങ്ങി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 517 റൺസ് അടിച്ചുകൂട്ടി ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ മിന്നും പ്രകടനങ്ങളാണ് ബിസിസിഐ കരാറിലേക്കും ഇന്ത്യൻ വൈറ്റ് ബോൾ ടീമിലേക്കുമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് വേഗത്തിലാക്കിയത്.

അമിത ചിന്തകളിൽ നിന്നും മറ്റുള്ളവരുടെ പ്രതീക്ഷകളിൽ നിന്നും മനസ്സിനെ മോചിപ്പിച്ചതാണ് തന്റെ ഈ വിജയത്തിന് പിന്നിലെന്ന് കിഷൻ പറയുന്നു. ''ഇന്ത്യൻ ടീമിനായി സ്ഥിരമായി കളിക്കുമ്പോൾ ഒരു ഘട്ടത്തിൽ നമ്മുടെ വളർച്ച സ്തംഭിച്ചുപോയേക്കാം. എന്നാൽ അവിടെനിന്ന് ഒരു പടി പിന്നോട്ട് പോയി ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും പൂജ്യത്തിൽ നിന്ന് തുടങ്ങുമ്പോൾ നമ്മൾ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കും.'' - കിഷൻ വ്യക്തമാക്കി.

ബാറ്റിങ്ങിൽ അനാവശ്യ ചിന്തകളെല്ലാം ഒഴിവാക്കി പന്ത് കണ്ട് അതിനനുസരിച്ച് പ്രതികരിക്കുക എന്ന ലളിതമായ തന്ത്രമാണ് ഇപ്പോൾ താൻ സ്വീകരിക്കുന്നതെന്നും, ഫൈനലിൽ വലിയ സ്‌കോറുകളെക്കുറിച്ച് ചിന്തിക്കാതെ പങ്കാളികളുമായി ചേർന്ന് ചെറിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും കിഷൻ കൂട്ടിച്ചേർത്തു.