ചണ്ഡീഗഢ്: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഉജ്ജ്വല വിജയവുമായി പഞ്ചാബ് കിങ്‌സ്. ആറുവിക്കറ്റിനാണ് ജയം. ഹൈദരാബാദ് ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, ശ്രേയസ്സ് അയ്യർ എന്നിവർ അർധസെഞ്ചുറിയോടെ തിളങ്ങി. 69 റൺസുമായി പുറത്താവാതെ നിന്ന അയ്യരാണ് ടീമിന്റെ ടോപ് സ്‌കോറർ. ജയത്തോടെ പഞ്ചാബ് പട്ടികയിൽ രണ്ടാമതെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റേത് തകർപ്പൻ തുടക്കമായിരുന്നു. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും എസ്ആർഎച്ച് ബൗളർമാരെ തകർത്തടിച്ചു. അതോടെ പവർപ്ലേയിൽ പഞ്ചാബ് മികച്ച സ്‌കോറിലെത്തി. 16 പന്തിൽ ഫിഫ്റ്റി നേടിയ പ്രിയാൻഷ് ആര്യയും 18 പന്തിൽ 41 റൺസ് അടിച്ചെടുത്ത പ്രഭ്‌സിമ്രാനും ചേർന്ന് ആറോവറിൽ ടീമിനെ 93 ലെത്തിച്ചു. എന്നാൽ പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഹൈദരാബാദ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
പ്രിയാൻഷ് ആര്യ 20 പന്തിൽ നിന്ന് 57 റൺസെടുത്തും പ്രഭ്‌സിമ്രാൻ സിങ് 25 പന്തിൽ നിന്ന് 51 റൺസെടുത്തും മടങ്ങി. കൂപ്പർ കൊണോലിയും(11) പിന്നാലെ കൂടാരം കയറി. നായകൻ ശ്രേയസ്സ് അയ്യരാണ് ശേഷം ടീമിനെ മുന്നോട്ടുനയിച്ചത്. നേഹൽ വധേരയെ ഒരുവശത്തുനിർത്തി അയ്യർ അടിച്ചുതകർത്തു. അതോടെ പഞ്ചാബ് വിജയത്തോടുത്തു. ഫിഫ്റ്റിയുമായി കളനിറഞ്ഞ ശ്രേയസ്സ് ടീമിനെ 17-ാം ഓവറിൽ 200 കടത്തി. പിന്നീടിറങ്ങിയ ശശാങ്കുമായി ചേർന്ന് അയ്യർ ടീമിനെ ജയത്തിലെത്തിച്ചു. 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് ലക്ഷ്യത്തിലെത്തി. അയ്യർ 33 പന്തിൽ നിന്ന് 69 റൺസോടെ പുറത്താവാതെ നിന്നു.
നേരത്തേ നിശ്ചിത 20 ഓവറിൽ ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തിൽ 219 റൺസാണെടുത്തത്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിന് ഓപ്പണർമാർ മികച്ച തുടക്കമാണ് സമ്മാനിച്ചത്. ട്രാവിസ് ഹെഡും അഭിഷേക് ശർമയും വെടിക്കെട്ട് നടത്തിയതോടെ പവർപ്ലേയിൽ എസ്ആർഎച്ച് സ്‌കോർ കുതിച്ചു. അഭിഷേകായിരുന്നു കൂടുതൽ അപകടകാരി. ആദ്യ മൂന്നോവറിൽ തന്നെ ടീം 44 ലെത്തി. നാലാം ഓവറിൽ 16 റൺസ്, അഞ്ചാം ഓവറിൽ 24 റൺസ്, ആറാം ഓവറിൽ 21 റൺസ് എന്നിങ്ങനെ എസ്ആർഎച്ച് ബാറ്റർമാർ താണ്ഡവമാടി. അതോടെ ആറോവറിൽ സ്‌കോർ 105 ലെത്തി. അഭിഷേക് 18 പന്തിൽ ഫിഫ്റ്റി തികച്ചു.
പിന്നീട് വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ഒൻപതാം ഓവറിൽ ഹെഡും അഭിഷേകും വീണു. അഭിഷേക് 28 പന്തിൽ നിന്ന് 74 റൺസെടുത്താണ് പുറത്തായത്. ഹെഡ് 38 റൺസെടുത്തു. പഞ്ചാബ് ബൗളർമാർ പിടിമുറുക്കിയതോടെ എസ്ആർഎച്ചിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. ഇഷാൻ കിഷനും(27) പുറത്തായതോടെ ടീം 15 ഓവറിൽ 176-3 എന്ന നിലയിലായി. ഹെന്റിച്ച് ക്ലാസനാണ് ടീമിനെ ഇരുന്നൂറ് കടത്തിയത്. താരം 39 റൺസെടുത്തപ്പോൾ അനികേത് വർമ 9 പന്തിൽ നിന്ന് 18 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും ശശാങ്ക് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.
Content Highlights: Punjab Kings vs Sunrisers Hyderabad, ipl 2026
Published: 11 Apr 2026, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented