കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ അസാധാരണ നടപടികൾ. ടീമിലെ ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചുവിളിച്ചതിന് പിന്നാലെ ചില താരങ്ങളുടെ മൊബൈൽ ഫോണും പാക് ബോർഡ് കൈവശം വെച്ചതായി റിപ്പോർട്ട്. നിലവിൽ കളിക്കുന്ന താരങ്ങളുടെ ഫോണാണ് പിസിബി കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. അതേസമയം എന്ത് അന്വേഷണമാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

To advertise here,

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് പാക് ക്രിക്കറ്റ് ബോർഡിന്റെ നടപടി. സെപ്റ്റംബർ ഒൻപതിന് എഡ്ജ്ബാസ്റ്റണിലാണ് ടെസ്റ്റ്. ഈ ടെസ്റ്റ് മത്സരം അവസാനിക്കുന്നതുവരെ താരങ്ങളുടെ ഫോണുകൾ പിസിബിയുടെ കൈവശമായിരിക്കുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ബോർഡ് തയ്യാറായിട്ടില്ല. മത്സരങ്ങൾ നടക്കുന്നവേളയിൽ താരങ്ങൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ബോർഡ് േെഫാൺ കൈവശം വെക്കുന്നത് അസാധാരണനടപടിയാണ്.

സാധാരണയായി വാതുവെയ്പ്പ് പോലുള്ള ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഇത്തരം നടപടികൾ കൈക്കൊള്ളാറുള്ളത്. എന്നാൽ അത്തരത്തിൽ ആരോപണങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. താരങ്ങളുടെ ഫോൺ പിടിച്ചെടുത്തതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും വ്യക്തമല്ല. മത്സരങ്ങൾ നടക്കുന്ന ഘട്ടങ്ങളിൽ ഡ്രസ്സിങ് റൂമിലോ, ഡഗൗട്ടിലോ ഫോൺ ഉപയോഗിക്കുന്നതിന് താരങ്ങൾക്കും മറ്റ് ഒഫീഷ്യലുകൾക്കും നിയന്ത്രണവുമുണ്ട്.

തുടർച്ചയായ കനത്ത തോൽവികൾക്ക് പിന്നാലെയാണ് പാകിസ്താൻ ടീമിൽ വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. അവസാന ടെസ്റ്റിന് മുന്നോടിയായി ഇമാം ഉൾ ഹഖ്, റിസ്വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ് എന്നിവരുൾപ്പെടെ ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കൂടാതെ മുഖ്യ പരിശീലകനായ സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് നീക്കി, പകരം വൈറ്റ് ബോൾ പരിശീലകനായ മൈക്ക് ഹെസ്സനെ ചുമതലയേൽപ്പിച്ചു.