ദുബായ്: വനിതാ ഏഷ്യാകപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരേ തകർന്നടിഞ്ഞ് പാകിസ്താൻ. 13.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് പാകിസ്താൻ. വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസെന്ന നിലയിൽനിന്ന് 35-6 എന്ന നിലയിലേക്ക് പാകിസ്താൻ കൂപ്പുകുത്തി.

To advertise here,

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റൻ ഫാത്തിമ സനയുടെ തീരുമാനം പാളുന്നതാണ് മൈതാനത്ത് കണ്ടത്. ആദ്യ നാലോവർ മാത്രമേ പാകിസ്താൻ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചുള്ളൂ. ഓപ്പണർമാരായ മുനീബ അലിയും ഷവാൽ സുൽഫിക്കറും ശ്രദ്ധയോടെയാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്. അതിനിടെ മുനീബയുടെ ക്യാച്ച് പ്രതികാ റാവൽ കൈവിടുകയും ചെയതു. നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ടീം 23 റൺസിലെത്തി. എന്നാൽ, അഞ്ചാം ഓവർ മുതൽ ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്.

സ്‌കോർ 27-ൽ നിൽക്കേ പാകിസ്താന് ആദ്യവിക്കറ്റ് നഷ്ടമായി. മുനീബ അലിയെ ഷഫാലി വർമ പുറത്താക്കി. 15 പന്തിൽനിന്ന് 13 റൺസാണ് താരത്തിന്റെ സമ്പാദ്യം. ആറാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണു. ഗുൾ ഫെറോസയും(0) സുൽഫിക്കറും(14) പുറത്തായി. പിന്നീട് വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. അയിഷ സഫർ(2), സദഫ് ഷമാസ്(3), ക്യാപ്റ്റൻ ഫാത്തിമ സന(0) എന്നിവർ പുറത്തായി. അതോടെ പാകിസ്താൻ 35-6 എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്മാൻ ഫാത്തിമ അഞ്ചുറൺസെടുത്ത് റണ്ണൗട്ടായി.