കറാച്ചി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഏഴ് താരങ്ങളെ പാകിസ്താൻ നാട്ടിലേക്ക് തിരിച്ചയച്ചത് വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുതിർന്ന താരങ്ങളായ മുഹമ്മദ് റിസ്വാൻ, സൽമാൻ ആഗ, ഇമാം ഉൾ ഹഖ് എന്നിവരുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. റിസ്വാനേയും ഇമാമിനേയും ടീമിൽ നിന്ന് ഒഴിവാക്കിയത് ഫോമിന്റെ അടിസ്ഥാനത്തിലല്ലെന്നും ഡ്രസ്സിങ് റൂമിലെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിലുമാണെന്നാണ് റിപ്പോർട്ട്.

To advertise here,

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ദയനീയമായി തകർന്നടിഞ്ഞതിന് പിന്നാലെയാണ് പാകിസ്താൻ അഴിച്ചുപണിക്കൊരുങ്ങിയത്. മുതിർന്ന താരങ്ങളെയടക്കം പുറത്താക്കിയത് ചർച്ചയായിരുന്നു. റിസ്വാനാകട്ടെ നാല് ഇന്നിങ്‌സുകളിൽ നിന്ന് വെറും 61 റൺസാണെടുത്തത്. ഇമാം രണ്ടാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ബാറ്റ് ചെയ്തിരുന്നില്ല. പരിക്കായതിനാലാണ് ബാറ്റിങ്ങിനിറങ്ങാതിരുന്നതെന്നാണ് വിവരം. എന്നാൽ താരങ്ങളുടെ ഫോമായിരുന്നില്ല പുറത്താകലിലേക്ക് നയിച്ചതെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രസ്സിങ് റൂമിലെ താരങ്ങളുടെ പെരുമാറ്റമാണ് ഇതിന് പിന്നിലെന്നാണ് വിവരം. ഇരുവരും ഡ്രസ്സിങ് റൂമിലെ സംഭവങ്ങളിൽ അച്ചടക്കസമിതിക്ക് മുമ്പിൽ വിശദീകരണം നൽകേണ്ടിവരും.

അതേസമയം ഇമാം പരിക്ക് അഭിനയിക്കുകയാണെന്ന ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. പരിക്കുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഒരു ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കുന്നുണ്ട്. മുൻപും പരിക്കുകൾ വ്യാജമായി കാണിച്ചെന്ന ആരോപണം നേരിട്ടിട്ടുള്ള ഇമാമിന്, ആരോപണം തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ കളിയിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നേക്കാം.

ഇമാമിനെ കൂടാതെ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന്റെ അച്ചടക്കത്തെക്കുറിച്ചും പിസിബി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഭാവിയിൽ കർശനമായ നടപടികൾ എടുത്തേക്കാം. വരും ദിവസങ്ങളിൽ റിസ്വാനെയും ചോദ്യം ചെയ്‌തേക്കുമെന്നും, മുൻ ക്യാപ്റ്റൻ കൂടിയായ അദ്ദേഹത്തെ വരും ഭാവിയിൽ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുടർച്ചയായ കനത്ത തോൽവികൾക്ക് പിന്നാലെ പാകിസ്താൻ ടീമിൽ വൻ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. അവസാന ടെസ്റ്റിന് മുന്നോടിയായി ഇമാം ഉൾ ഹഖ്, റിസ്വാൻ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ് എന്നിവരുൾപ്പെടെ ഏഴ് കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പകരം ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അഞ്ച് പുതിയ താരങ്ങളെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. കൂടാതെ മുഖ്യ പരിശീലകനായ സർഫറാസ് അഹമ്മദിനെ സ്ഥാനത്തുനിന്ന് നീക്കി, പകരം വൈറ്റ് ബോൾ പരിശീലകനായ മൈക്ക് ഹെസ്സനെ ചുമതലയേൽപ്പിച്ചു.