ലാഹോർ: ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയെ ആദരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നഖ്‌വിക്ക് ഷഹീദ് സുല്‍ഫിക്കര്‍ അലി എക്‌സലന്‍സ് ഗോള്‍ഡ് മെഡല്‍ നൽകാനാണ് തീരുമാനം. ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിന് ശേഷം ഇന്ത്യക്കെതിരേ സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കറാച്ചി ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഗുലാം അബ്ബാസ് ജമാലാണ് നഖ്‌വിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്. 'ദി നേഷൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കറാച്ചിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നഖ്‌വിക്ക് മെഡൽ സമ്മാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചടങ്ങിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മുഖ്യാതിഥിയാകുമെന്നാണ് വിവരം. ഏഷ്യാ കപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യക്കെതിരേ സ്വീകരിച്ച കടുത്ത നിലപാടാണ് നഖ്‌വിയെ ആദരിക്കുന്നതിന് പിന്നിൽ.
ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യന്‍ ടീം തന്റെ കൈയില്‍നിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ ടീം പോഡിയത്തില്‍ കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ എസിസി ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഗ്രൗണ്ടില്‍നിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികള്‍ക്കുള്ള മെഡലുകളുമായി നഖ്വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്.
വൻ വിവാദമായതോടെ നഖ്‌വി അടുത്തിടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നാണ് നഖ്‌വി പ്രതികരിച്ചത്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ നഖ്‌വി പ്രതികരിച്ചു. അതേസമയം എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്‌വി പറഞ്ഞത്.
Content Highlights: Pakistan To Honour Mohsin Naqvi
Published: 04 Oct 2025, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented