ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് തോൽവികളുടെ പേരിൽ സ്വന്തം കളിക്കാർക്കെതിരേ പകപോക്കൽ നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യയോട് പാക് ടീം തോറ്റതിന് പിന്നാലെയാണ് പ്രതികാരനടപടി.
രാജ്യത്തിന് പുറത്തുനടക്കുന്ന ടി20 ലീഗുകളിൽ പങ്കെടുക്കുന്ന കളിക്കാർക്കുള്ള എല്ലാ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകളും (എൻഒസി) താൽക്കാലികമായി നിർത്തിവെക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തീരുമാനിച്ചതായാണ് റിപ്പോർട്ട്. എൻഒസി നൽകാനുള്ള തീരുമാനം മരവിപ്പിച്ചതിന്റെ കാരണം ബോർഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തീരുമാനം കളിക്കാരെ അറിയിച്ചിട്ടുണ്ട്. എസ്എ20, ഐഎൽടി20, ബിബിഎൽ തുടങ്ങിയ വിദേശ ലീഗുകൾ വരും മാസങ്ങളിൽ ആരംഭിക്കാനിരിക്കെ പിസിബിയുടെ തീരുമാനം അവരുടെ ചില മികച്ച കളിക്കാരെ പ്രതിസന്ധിയിലാക്കിയേക്കും. ഈ ലീഗുകളിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെങ്കിൽ പാക് കളിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുക.
പിസിബി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുമൈർ അഹമ്മദ് സയ്യിദ് ആണ് സെപ്റ്റംബർ 29-ന് തീരുമാനം അറിയിച്ചത്. ബിഗ് ബാഷ് ലീഗ്, ഐഎൽടി20 തുടങ്ങിയ പ്രമുഖ ലീഗുകളിൽ കളിക്കാൻ തയ്യാറെടുത്തിരുന്ന ബാബർ അസം, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്‌വാൻ, ഫഹീം അഷ്‌റഫ് എന്നിവരുൾപ്പെടെയുള്ള നിരവധി മുൻനിര കളിക്കാരെ ഈ തീരുമാനം ബാധിക്കും.
ലീഗുകളിലും മറ്റ് വിദേശ ടൂർണമെന്റുകളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാർക്കുള്ള എല്ലാ എൻഒസികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കുന്നതായാണ് പിസിബി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നത്. എൻഒസികളെ താരങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനവുമായി ബന്ധിപ്പിക്കാൻ പിസിബി ലക്ഷ്യമിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ മാനദണ്ഡങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. സെപ്റ്റംബർ 22-ന് തുടങ്ങേണ്ടിയിരുന്ന രാജ്യത്തെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരം ഒക്ടോബറിൽ ആരംഭിക്കും.
Content Highlights: Pakistan Cricket Board (PCB) temporarily suspends No-Objection Certificates (NOCs) for players participating in foreign T20 leagues following Asia Cup 2025 defeats against India. Major players affected.
Published: 01 Oct 2025, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented