
ലണ്ടൻ: വനിതാ ടി20 ലോകകപ്പിനിടെ ഹോട്ടൽമുറിയിൽ സീനിയർ താരം ആലിയ റിയാസിനൊപ്പം ഭർത്താവ് അലി യൂനിസും താമസിച്ചതിനെ എതിർത്ത് പാക് ക്യാപ്റ്റൻ ഫാത്തിമ സന. സനയുടെ നിർബന്ധപ്രകാരം അലി യൂനിസിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടു. തുടർന്ന് ബംഗ്ലാദേശിനെതിരായ മത്സരത്തിന് തലേദിവസം ടീം പരിശീലനം നിശ്ചയിച്ചിരിക്കേ, ഇരുവരും വിനോദയാത്രയ്ക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. ലോകകപ്പിലെ തുടർതോൽവികൾക്കു പിന്നാലെ ടീമിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവം.
ആലിയയെ ടി20 ലോകകപ്പ് പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ ക്യാപ്റ്റൻ സനയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ടീം മെന്ററും താത്കാലിക മുഖ്യ പരിശീലകനുമായ വഹാബ് റിയാസിന്റെ ഇടപെടലാണ് ആലിയയെ ടീമിലെത്തിച്ചത്. ഇതുൾപ്പെടെ ടീം തിരഞ്ഞെടുപ്പിൽ ഇരുവരും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നു. ടൂർണമെന്റിൽ ആലിയയുടെ പ്രകടനം പരാജയമായതോടെ സന വഹാബിനെതിരേ പരസ്യമായി വിമർശനമുന്നയിച്ചു. തോൽവിക്ക് ഉത്തരവാദി താങ്കളാണെന്നും ആവശ്യമായ അച്ചടക്ക നടപടികൾ പാലിച്ചില്ലെന്നും സന, വഹാബിന്റെ മുഖത്തുനോക്കി പറഞ്ഞു.
ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ലോകകപ്പുകളിൽ കഴിഞ്ഞ നാല് മത്സരങ്ങളിലും പാകിസ്താൻ പരാജയപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് നാലാമത്തെ തോൽവി. ലോകകപ്പിൽ ടീമിന് ഒരുമത്സരംപോലും ജയിക്കാനായില്ല. ഇതിനിടെയാണ് ടീമിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നതകളും സംഘർഷാത്മക സാഹചര്യങ്ങളും നിലനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ടീമിനുള്ളിൽ ഗ്രൂപ്പുകൾ രൂപപ്പെട്ടതായും ചില സീനിയർ താരങ്ങളും പരിശീലകരും തമ്മിൽ അസ്വാരസ്യങ്ങളുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രകടനം ദയനീയമാകുമ്പോൾ ടീമിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് പാകിസ്താൻ ടീമിൽ ഇതാദ്യമല്ല. 2023-ലെ ഏകദിന ലോകകപ്പ്, 2024-ലെ ടി20 ലോകകപ്പുകളിൽ പാക് പുരുഷ ടീം പരാജയപ്പെട്ടപ്പോഴും സമാനമായിരുന്നു ടീമിലെ സ്ഥിതി. ഡ്രസ്സിങ് റൂമിലെ സംഘർഷാത്മക സാഹചര്യങ്ങളെക്കുറിച്ച് ഒട്ടേറെ റിപ്പോർട്ടുകളാണ് അന്ന് പുറത്തുവന്നിരുന്നത്.
Published: 25 Jun 2026, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented