കറാച്ചി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റിനെ ക്രിക്കറ്റ് പ്രേമികൾക്ക് അങ്ങനെയൊന്നും മറക്കാൻ സാധിക്കില്ല. മാത്യു ഹെയ്ഡനും ഗിൽക്രിസ്റ്റും ചേർന്ന ഓസീസ് ഓപ്പണിങ് കൂട്ടുകെട്ട് എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. എന്നാൽ ഇപ്പോഴിതാ പാകിസ്താനിൽ നിന്നുള്ള ഒരു 17-കാരൻ ആദം ഗിൽക്രിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

To advertise here,

സ്‌കൂൾ ടൂർണമെന്റിൽ നേടിയ മിന്നുന്ന സെഞ്ചുറിയാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഈ ഗിൽക്രിസ്റ്റിൽ പതിയാൻ കാരണം. കറാച്ചിയിലെ കമ്മാൻ പബ്ലിക് സ്‌കൂളിനു വേണ്ടിയാണ് ഈ ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കളിക്കുന്നത്.

ഈ യുവതാരത്തിന്റെ പേരിനു പിന്നിൽ ഏറെ രസകരമായ ഒരു കഥയുണ്ട്. ജനിച്ച സമയത്ത് അമ്മ അവന് ആദം എന്നാണ് പേരിട്ടത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആദം ഗിൽക്രിസ്റ്റിന്റെ വലിയ ആരാധകനായ പിതാവ് അവന്റെ സർനെയിമായി ഗിൽക്രിസ്റ്റ് എന്ന് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അണ്ടർ-17 ടാലന്റ് ഹണ്ട് സ്‌കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലായിരുന്നു ആദം ഗിൽക്രിസ്റ്റിന്റെ മികച്ച പ്രകടനം. ഹാപ്പി പാലസ് ഗ്രാമർ സ്‌കൂളിനെതിരായ മത്സരത്തിൽ 108 പന്തുകളിൽ നിന്ന് 11 ഫോറുകൾ ഉൾപ്പെടെ 117 റൺസാണ് പാകിസ്താൻ ഗിൽക്രിസ്റ്റ് അടിച്ചെടുത്തത്. 145 മിനിറ്റ് ക്രീസിൽ ചെലവഴിച്ച താരത്തിന്റെ പ്രകടനത്തിന്റെ കരുത്തിൽ കമ്മാൻ പബ്ലിക് സ്‌കൂൾ 40 ഓവറിൽ 297/4 എന്ന സ്‌കോർ പടുത്തുയർത്തുകയും 172 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ പേരുണ്ടെങ്കിലും ഈ ഗിൽക്രിസ്റ്റിന്റെ ഇഷ്ടതാരം മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയാണ്.