മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖങ്ങളായിരുന്ന സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിങ്, ഗൗതം ഗംഭീർ, സഹീർ ഖാൻ എന്നിവർ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാനും വിരമിക്കാനും ഇടയായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരവും മുൻ ചീഫ് സെലക്ടറുമായ സന്ദീപ് പാട്ടീൽ. വ്യക്തിബന്ധങ്ങളേക്കാൾ ഉപരിയായി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മുൻനിർത്തിയാണ് ഇത്തരം കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

2012 മുതൽ 2016 വരെയുള്ള നിർണായകമായ പരിവർത്തന ഘട്ടത്തിലാണ് അഞ്ചംഗ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായി പാട്ടീൽ പ്രവർത്തിച്ചത്. ദൂരദർശന്റെ 'ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ' എന്ന പരിപാടിയിലാണ് അദ്ദേഹം ഈ വിവരങ്ങൾ പങ്കുവെച്ചത്. താൻ തനിച്ചല്ല, അഞ്ചംഗ സെലക്ഷൻ പാനൽ ഒന്നിച്ചാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

2011-ലെ ഏകദിന ലോകകപ്പ് വിജയത്തിനുശേഷം ടീമിൽ പുനഃസംഘടന ആവശ്യമായിരുന്നുവെന്നും എല്ലാ ഫോർമാറ്റുകളിലും യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായി മുതിർന്ന താരങ്ങൾക്ക് വഴിമാറേണ്ടി വന്നുവെന്നും പാട്ടീൽ പറഞ്ഞു. സെലക്ടർമാർ എന്ന നിലയിൽ രാജ്യത്തിന്റെയും ബിസിസിഐയുടെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും താത്പര്യങ്ങൾക്കായിരുന്നു പ്രഥമ പരിഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങളുമായി വ്യക്തിപരമായ സൗഹൃദമുണ്ടാകാമെങ്കിലും ടീം സെലക്ഷനിൽ കൃത്യമായ ഒരു അതിർവരമ്പ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് പാട്ടീൽ ചൂണ്ടിക്കാട്ടി. 'സുഹൃത്താണെന്ന് കരുതി ഒരാളെ ടീമിലേക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. സ്വന്തം കാര്യത്തെക്കുറിച്ചല്ല, ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ചിലപ്പോൾ വിഷമമുണ്ടാക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ടി വരും, എന്നാൽ അത് ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മയ്ക്കുവേണ്ടിയാണ്' എന്ന് സന്ദീപ് പാട്ടീൽ വ്യക്തമാക്കി.