കല്ല്യാണി (പശ്ചിമ ബംഗാൾ): ഡൽഹിക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തിൽ ബംഗാളിനായി സെഞ്ചുറി നേടിയതിനു പിന്നാലെ മൈതാനത്ത് വിങ്ങിപ്പൊട്ടി വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോറെൽ. 228 പന്തിൽ നിന്ന് താരം 149 റൺസെടുത്തു. ഒരു പീഡനക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലാണ് താരം. മത്സരത്തിന്റെ രണ്ടാംദിനം സെഞ്ചുറി തികച്ചതിനു പിന്നാലെയാണ് താരം ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞത്.

To advertise here,

സെഞ്ചുറിക്ക്

ശേഷം രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച പോറെൽ, തനിക്കെതിരെയുള്ള പീഡനക്കേസ് ആരോപണങ്ങളെക്കുറിച്ച് ആദ്യമായി പ്രതികരിച്ചു. ''എനിക്ക് കരയണമെന്ന് ഉണ്ടായിരുന്നില്ല, അതങ്ങ് വന്നുപോയതാണ്. ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ പ്രസ്താവനയായിരുന്നു അത്. എനിക്ക് ക്രിക്കറ്റ് കളിക്കണം. ക്രിക്കറ്റിലൂടെ എല്ലാവർക്കും മറുപടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു'' -പോറെൽ പറഞ്ഞു.

കർണാടകയിൽ നിന്നുള്ള യുവ മെഡിക്കൽ വിദ്യാർഥി ജൂൺ 23-നാണ് മോഗ്ര പോലീസ് സ്റ്റേഷനിൽ പോറെലിനെതിരെ പരാതി നൽകിയത്. ഇരുവരും മൂന്നര വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും പരാതിയിൽ പറയുന്നു. തങ്ങൾ ഒരുമിച്ച് വിദേശയാത്ര നടത്തിയിരുന്നതായും എന്നാൽ പിന്നീട് പോറെൽ ബന്ധം നിഷേധിച്ചതിനെ തുടർന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതി ആരോപിച്ചു. ഒന്നര വർഷം മുമ്പ് ഇരുവർക്കുമിടയിൽ തർക്കമുണ്ടായപ്പോൾ പോലീസ് ഇടപെട്ടിരുന്നുവെങ്കിലും അന്ന് പരാതിയൊന്നും നൽകിയിരുന്നില്ല.

പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചാന്ദൻനഗറിലുള്ള പോറെലിന്റെ വീട്ടിൽ പല തവണ പരിശോധന നടത്തുകയും ചെയ്തെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയും, പോറെലിനെ ജൂലായ് 20-ന് അറസ്റ്റ് ചെയ്യാൻ കോടതി പോലീസിന് നിർദേശം നൽകുകയും ചെയ്തു. പീഡന ആരോപണത്തിന് പുറമേ ഭീഷണിപ്പെടുത്തൽ അടക്കമുള്ള കുറ്റങ്ങളും കേസിന്റെ നടപടികളിലുണ്ട്. പോറെൽ നിലവിൽ ജാമ്യത്തിലാണ്.