
ഇസ്ലാമാബാദ്: ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പാകിസ്താൻ ടീമിൽ വൻ അഴിച്ചുപണിയുമായി പാക് ക്രിക്കറ്റ് ബോർഡ് (പിസിബി). മോശം പ്രകടനത്തെത്തുടർന്ന് സൽമാൻ അലി ആഗയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയ പിസിബി, സീനിയർ താരങ്ങളായ ബാബർ അസം, പേസർ ഷഹീൻ ഷാ അഫ്രീദി എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഐസിസി ടി20 ബാറ്റിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സാഹിബ്‌സാദ ഫർഹാനെയാണ് ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടെ പിസിബി നാട്ടിലേക്ക് തിരിച്ചയച്ച ഏഴ് കളിക്കാരിൽ ഒരാളായിരുന്നു സൽമാൻ അലി ആഗ. ആ സംഭവത്തിന് ആഴ്ചകൾക്ക് ശേഷമാണ് ക്യാപ്റ്റൻസിയിൽ ഈ മാറ്റം വരുത്തിയിരിക്കുന്നത്.
അതേസമയം ടി20 ടീമിൽ നിന്ന് പുറത്തായെങ്കിലും ബാബർ അസം, ഷഹീൻ അഫ്രീദി, സൽമാൻ അലി ആഗ എന്നിവർ ഏകദിന ടീമിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഷഹീൻ ഷാ അഫ്രീദിയാണ് ഏകദിന ടീമിന്റെ നായകൻ.
2025-ലെ ഏഷ്യ കപ്പിന് മുന്നോടിയായാണ് ആഗ പാക് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഏഷ്യ കപ്പ് ഫൈനലിലെ തോൽവിയും ടി20 ലോകകപ്പിലെ ആദ്യ റൗണ്ടിലെ പുറത്താകലും ആഗയ്ക്ക് തിരിച്ചടിയായി. മോഡേൺ ടി20 ക്രിക്കറ്റിൽ താരത്തിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം, അടുത്തിടെ നടന്ന 2026 ഏഷ്യൻ ഗെയിംസിൽ പാകിസ്താനെ വെള്ളി മെഡൽ നേട്ടത്തിലേക്ക് നയിച്ചത് സാഹിബ്‌സാദ ഫർഹാനായിരുന്നു. ഫൈനലിൽ ഇന്ത്യയോട് 19 റൺസിന് പരാജയപ്പെട്ടെങ്കിലും ടീമിനെ മികച്ച രീതിയിൽ നയിച്ച ഫർഹാന് ക്യാപ്റ്റൻ സ്ഥാനത്ത് വലിയ പിന്തുണ ലഭിച്ചു.
2026-ലെ ടി20 ലോകകപ്പ് ടീമുമായി താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റങ്ങളാണ് നിലവിലെ ടീമിലുള്ളത്. ബാബർ അസം, സൽമാൻ ആഗ, ഷഹീൻ അഫ്രീദി എന്നിവർക്ക് പുറമെ ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരീഖ് എന്നിവരെയും ടി20 ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അബ്ദുൾ സമദ്, അറഫാത്ത് മിൻഹാസ്, ഹസൻ നവാസ്, മുഹമ്മദ് ഇമ്രാൻ രൺധാവ, മാസ് സദാഖത്, റസലുള്ള, മുഹമ്മദ് സൽമാൻ മിർസ എന്നിവരാണ് ടി20 ടീമിലെത്തിയ പുതിയ താരങ്ങൾ.
Content Highlights: Sahibzada Farhan is appointed as the new Pakistan T20 captain., Salman Ali Agha removed from captaincy after poor team performances., Babar Azam and Shaheen Shah Afridi excluded from the T20 squad., Shaheen Afridi retains captaincy for the ODI team., Several new players included in the revamped T20 squad for the Sri Lanka series.
Published: 05 Oct 2026, 10:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented