
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, പാകിസ്താന് ക്യാപ്റ്റന്‍ സല്മാന് ആഗ
ഇസ്ലാമാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാകിസ്താൻ പിന്മാറി. ഫെബ്രുവരി 15ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ പാകിസ്താൻ ഇന്ത്യക്കെതിരെ ഇറങ്ങും. ഇന്ത്യക്കെതിരേ കളിക്കാൻ പാക് ടീമിന് പാക് സർക്കാർ അനുമതി നൽകി. ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ചതിനെ തുടർന്ന് ട്വന്റി20 ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നേരത്തേ പാകിസ്താൻ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നത്.
ലാഹോറിൽ നടന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) എന്നിവരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാകിസ്താൻ തീരുമാനം പിൻവലിച്ചത്. ‘ചർച്ചയുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയുടെയും അടിസ്ഥാനത്തിൽ, പാകിസ്താൻ സർക്കാർ പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീമിന് 2026 ഫെബ്രുവരി 15-ന് ഐസിസി പുരുഷ ടി20 ലോകകപ്പിലെ നിശ്ചയിച്ച മത്സരത്തിൽ കളിക്കാൻ നിർദ്ദേശം നൽകുന്നു.’- പ്രസ്താവനയിൽ പാക് സർക്കാർ വ്യക്തമാക്കി.
ബഹിഷ്‌കരണത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അന്തിമ തീരുമാനം എടുക്കുമെന്ന് നേരത്തേ പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞിരുന്നു. ഐസിസിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ നഖ്‌വി പാക് സർക്കാരിനെ ധരിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൾ ഇസ്ലാം ഇന്ത്യക്കെതിരേ കളിക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തിരുന്നു. പിന്നാലെയാണ് സൽമാൻ ആഗയ്ക്കും സംഘത്തിനും പാക് സർക്കാർ പച്ചക്കൊടി വീശിയത്.
ഐസിസിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്താൻ ഒരുങ്ങിയത്. ഇന്ത്യയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യർഥന അംഗീകരിക്കാത്തതും അതുവഴി ബംഗ്ലാദേശിന് ടൂർണമെന്റിൽ നിന്ന് പിന്മാറേണ്ടിവന്ന സാഹചര്യവും കണക്കിലെടുത്താണ് പാക് ടി20 ലോകകപ്പ് ബഹിഷ്കരണത്തിന് ഒരുങ്ങിയത്. എന്നാൽ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ നടത്തിയ ബഹിഷ്‌കരണ ഭീഷണിക്കെതിരേ ഐസിസി കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ഐസിസിയോടുള്ള പ്രതിഷേധം എന്ന നിലയ്ക്ക് ഇന്ത്യയ്‌ക്കെതിരായ മത്സരം മാത്രം ബഹിഷ്‌കരിക്കാൻ പാകിസ്താൻ തീരുമാനിച്ചത്.
Content Highlights: Pakistan Government Allows Cricket Team To Play Against India In T20 World Cup On February 15
Published: 10 Feb 2026, 12:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented