ദുബായ്: വനിതാ ഏഷ്യകപ്പ് ട്വന്റി-20 ഫൈനലിൽ ശ്രീലങ്കൻ വനിതകൾക്കെതിരേ 184 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 183 റൺസെടുത്തു.

To advertise here,

ഒരു ഘട്ടത്തിൽ ഇന്ത്യൻ സ്‌കോർ 200 കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മധ്യനിരയുടെ മോശം പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ ടീമിന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. വെറും 77 പന്തിൽ നിന്ന് ഈ സഖ്യം 129 റൺസ് അടിച്ചെടുത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും സ്‌കോറിങ് റേറ്റ് ഉയർത്താൻ സാധിച്ചില്ല.

39 പന്തിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 68 റൺസെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 39 പന്തുകൾ നേരിട്ട സ്മൃതി മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 59 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വിളിയിൽ ഇല്ലാത്ത റണ്ണിനോടി സ്മൃതി റണ്ണൗട്ടാകുകയായിരുന്നു.

ഹർമൻപ്രീത് കൗർ (14 പന്തിൽ 14), റിച്ച ഘോഷ് (13 പന്തിൽ 17), ദീപ്തി ശർമ (5) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഗുണലൻ കമാലിനി അഞ്ചു പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.