ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനോട് തോറ്റ ശേഷം ഇന്ത്യയുടെ 14-കാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയെ അധിക്ഷേപിച്ച് ഒരുകൂട്ടം പാകിസ്താൻ ആരാധകർ. ഞായറാഴ്ച ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ 191 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു പാക് ടീമിന്റെ കിരീട നേട്ടം. മത്സരത്തിനു പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ടീം ബസിലേക്ക് മടങ്ങുന്നതിനിടെ ഒരുകൂട്ടം പാകിസ്താൻ ആരാധകർ വൈഭവിനെ കൂവി വിളിക്കുകയും കളിയാക്കുകയും മോശം വാക്കുകൾ വിളിക്കുന്നതുമാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയിലുള്ളത്.

To advertise here,

മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഇന്ത്യയ്ക്കായി ഇന്നിങ്‌സിലെ ആദ്യ പന്തു തന്നെ വൈഭവ് സിക്‌സറിന് പറത്തിയിരുന്നു. എങ്കിലും 10 പന്തിൽ നിന്ന് 26 റൺസ് മാത്രമെടുത്ത് താരം പുറത്താകുകയായിരുന്നു. മത്സരത്തിനിടെ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങവെ വൈഭവും അലി റാസയും തമ്മിൽ ചെറുതായി ഉരസിയിരുന്നു.

പാക് ആരാധകരുടെ പ്രകോപനപരമായ പരാമർശങ്ങൾക്കിടെ വൈഭവ് സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ പാക് ആരാധകരുടെ പെരുമാറ്റത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

ടൂർണമെന്റിൽ തകർപ്പൻ ഫോണിലായിരുന്ന വൈഭവിന് പക്ഷേ ഫൈനലിൽ ആ മികവ് പുറത്തെടുക്കാൻ സാധിക്കാതെ പോയി. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ വെറും 56 പന്തിൽ നിന്ന് സെഞ്ചുറി നേടിയ സൂര്യവംശി ടൂർണമെന്റിന് ആവേശകരമായ തുടക്കമാണ് നൽകിയത്. അന്ന് 95 പന്തിൽ നിന്ന് 171 റൺസായിരുന്നു താരം അടിച്ചെടുത്തത്. 14 സിക്‌സറുകളടങ്ങുന്നതായിരുന്നു വൈഭവിന്റെ ഈ ഇന്നിങ്‌സ്.