കൊളംബോ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ നിരോഷന്‍ ഡിക്‌വെല്ലയെ സസ്‌പെന്‍ഡ് ചെയ്തു. ശ്രീലങ്കന്‍ ക്രിക്കറ്റാണ് ഇക്കാര്യമറിയിച്ചത്. അടുത്തിടെ നടന്ന ലങ്ക പ്രീമിയര്‍ ലീഗില്‍ ലോക ഉത്തേജക വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നടത്തിയ പരിശോധനയില്‍ ഡിക്‌വെല്ല പരാജയപ്പെട്ടതാണ് സസ്‌പെന്‍ഷനിലേക്ക് വഴിവെച്ചത്. 

To advertise here,

ലങ്ക പ്രീമിയര്‍ ലീഗ് 2024-ല്‍ ഗാലി മാര്‍വല്‍സിന്റെ ക്യാപ്റ്റനാണ് മുപ്പത്തൊന്നുകാരനായ താരം. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് അവസാനമായി ശ്രീലങ്കന്‍ ദേശീയ ടീമില്‍ കളിച്ചത്. ഈവര്‍ഷം ബംഗ്ലാദേശിനെതിരേ നടന്ന ടി20 ടീമില്‍ ഇടം നേടിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അറിയിച്ചു. 'ഉത്തേജക വിരുദ്ധനിയമ
ലംഘന ആരോപണത്തെത്തുടര്‍ന്ന് ക്രിക്കറ്റര്‍ നിരോഷന്‍ ഡിക്‌വെല്ലയെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പൊതുജനങ്ങളെ അറിയിക്കാന്‍ ശ്രീലങ്ക ക്രിക്കറ്റ് (എസ്.എല്‍.സി.) ആഗ്രഹിക്കുന്നു'- പ്രസ്താവനയില്‍ അറിയിച്ചു.  

ബയോബബിള്‍ പ്രോട്ടോകോള്‍ ലംഘനത്തെത്തുടര്‍ന്ന് 2021-ല്‍ കുഷാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലകെ എന്നിവര്‍ക്കൊപ്പം ഡിക്‌വെല്ലയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശ്രീലങ്കയ്ക്കായി ടെസ്റ്റില്‍ 2757 റണ്‍സും ഏകദിനത്തില്‍ 1604 റണ്‍സും ടി20യില്‍ 480 റണ്‍സും നേടിയിട്ടുണ്ട് അദ്ദേഹം. 2023 മാര്‍ച്ചില്‍ ന്യൂസീലന്‍ഡിനെതിരെ നടന്ന ടെസ്റ്റിലാണ് അവസാനമായി കളിച്ചത്.