
പാലക്കാട്: സ്കൂൾ കായികമേളകളിലും കോളേജ് തലങ്ങളിലും ഉത്തേജക മരുന്നുകളുടെ (Doping) ഉപയോഗം വ്യാപകമാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി കായികതാരം. തനിക്ക് ഉത്തേജക മരുന്നാണ് നൽകിയതെന്ന കാര്യം അറിയാതെയാണ് അത് കഴിച്ചതെന്നും, സ്വന്തം കായികാധ്യാപകനാണ് ഈ മരുന്ന് നൽകിയതെന്നും താരം വെളിപ്പെടുത്തി. അധ്യാപകൻ നൽകിയ മെഡിസിൻ ഉപയോഗിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തിലധികം വിലക്ക് ലഭിക്കുകയും സ്വന്തം കായികഭാവി തന്നെ ഇല്ലാതാവുകയും ചെയ്തുവെന്ന് അത്ലറ്റ് വ്യക്തമാക്കി.
ഉയരം കൂട്ടാനുള്ള മരുന്നാണെന്ന് പറഞ്ഞാണ് അധ്യാപകൻ ഇത് തനിക്ക് നൽകിയതെന്ന് താരം പറയുന്നു. തനിക്ക് മാത്രമല്ല, സ്കൂളിലെയും കോളേജിലെയും നിരവധി മറ്റ് കുട്ടികൾക്കും ഇതേ അധ്യാപകൻ നിർബന്ധപൂർവ്വം ഈ മരുന്ന് നൽകിയിരുന്നു. സ്കൂൾ മീറ്റുകൾ, ഇന്റർ കോളേജ് മത്സരങ്ങൾ, ഓൾ ഇന്ത്യ മത്സരങ്ങൾ എന്നിവയ്ക്ക് മുൻപായി ഈ മരുന്ന് നൽകിയിരുന്നതായും, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ ഇതിന്റെ പാർശ്വഫലങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പാർശ്വഫലങ്ങൾ തിരിച്ചറിഞ്ഞതോടെ കുട്ടികൾ മരുന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും സാർ നിർബന്ധിക്കുമ്പോൾ പുറത്തു കളയുകയും ചെയ്തിരുന്നു. ഈ മരുന്നിന്റെ ഉപയോഗം മൂലം ആറേഴ് മാസത്തോളം ആർത്തവം തടസ്സപ്പെടുന്ന തരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും താരം കൂട്ടിച്ചേർത്തു.
12 വർഷത്തിലധികമായി കായികരംഗത്ത് സജീവമായിരുന്ന തനിക്ക് ഈ വിലക്ക് കാരണം ഇപ്പോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. കായികമേളകളിൽ എളുപ്പത്തിൽ പ്രകടനം മെച്ചപ്പെടുത്താനും വിജയം നേടാനും വേണ്ടിയാണ് കോച്ചുകൾ കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകുന്നത്. മത്സരസമയത്തും ഗ്രൗണ്ടിൽ വെച്ചും അധ്യാപകന്റെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദവും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നതായും താരം ആരോപിച്ചു.
Published: 16 Sept 2026, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented