കൊളംബോ: സോണൽ ദിനുഷയെന്ന ലങ്കൻ ബാറ്റർ നിറഞ്ഞുനിന്ന ദിനമായിരുന്നു ടെസ്റ്റിന്റെ അഞ്ചാംദിനം. ഫോളോ-ഓൺ ചെയ്യാനിറങ്ങിയ ലങ്കയെ വീഴാതെ കരകയറ്റിയത് ദിനുഷയുടെ ഇന്നിങ്‌സായിരുന്നു. സെഞ്ചുറിയുമായി ഇന്ത്യയുടെ ജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ താരത്തിനായി. ഇന്ത്യയെ വെള്ളം കുടിപ്പിച്ചെങ്കിലും താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല.

To advertise here,

ദിനുഷ മികച്ച താരമാണെന്നും തെണ്ടുൽക്കറിനെപ്പോലെയാണെന്നും രാജീവ് ശുക്ല എക്‌സിൽ കുറിച്ചു. ‘ശ്രീലങ്കയുടെ ഈ സോണൽ ഒരു മികച്ച കളിക്കാരനാണ്. സച്ചിനെപ്പോലെയിരിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച ഒരു ടെസ്റ്റ് കളിക്കാരനാകാൻ കഴിയും.’ - ശുക്ല കുറിച്ചു.

ദിനുഷ ക്രീസിൽ നിലയുറപ്പിച്ച് ഇന്ത്യയെ വെള്ളംകുടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ബിസിസിഐ വൈസ് പ്രസിഡന്റിന്റെ പ്രശംസ. അഞ്ചാം ദിനം ഇന്ത്യൻ ബൗളർമാർ ആവുന്നത്ര ശ്രമിച്ചിട്ടും ദിനുഷയെ പുറത്താക്കാനില്ല. ഒടുക്കം സമനിലയിലാണ് ടെസ്റ്റ് അവസാനിച്ചത്.

ഫോളോ ഓൺ ചെയ്യാനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്‌സിൽ 212-5 എന്ന നിലയിലായിരുന്നു. എന്നാൽ പിന്നീട് സോണൽ ദിനുഷയുടെ ഉജ്ജ്വല ബാറ്റിങ്ങാണ് ലങ്കയെ കരകയറ്റികൊണ്ടുവന്നത്. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് ക്രീസിൽ നിലയുറപ്പിച്ച് ലങ്കയെ മുന്നോട്ടുകൊണ്ടുപോകാൻ ദിനുഷയ്ക്ക് സാധിച്ചു. കേശാര നുവാന്തയുമായി ചേർന്ന് ഏഴാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും 112 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയതോടെയാണ് ടീം 300 കടന്നത്. അതോടെ ഇന്ത്യ അക്ഷരാർഥത്തിൽ പ്രതിരോധത്തിലുമായി. പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ എന്നിവരുമായി ചേർന്നും കൂട്ടുകെട്ടുണ്ടാക്കിയാണ് ദിനുഷ ലങ്കയെ തോൽവിയിൽ നിന്ന് കരകയറ്റിയത്. 133* റൺസുമായി ദിനുഷ പുറത്താവാതെ നിന്നു.