വെല്ലിങ്ടണ്‍: 2023 ഏകദിന ലോകകപ്പ് അടുക്കാറായി. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ നിലവിലെ റണ്ണറപ്പുകളായ ന്യൂസീലന്‍ഡിന്റെ ശ്രമം. ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് കെയന്‍ വില്യംസണും സംഘവും അന്ന് ഗ്രൗണ്ട് വിട്ടത്.
മറ്റൊരു ലോകകപ്പ് അടുക്കാറാകുമ്പോള്‍ ന്യൂസീലന്‍ഡ് ക്യാമ്പില്‍ ആശങ്ക നിറയുകയാണ്. സൂപ്പര്‍ താരം കെയ്ന്‍ വില്യസണിന്റെ അഭാവം തന്നെയാണ് ടീമിനെ പ്രധാനമായും വലയ്ക്കുന്നത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ ഫീല്‍ഡ് ചെയ്യുന്നതിനിടെ വില്യംസണ്‍ കാലിന് പരിക്കേറ്റ് പുറത്തായി. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ഐ.പി.എല്‍ തന്നെ വില്യംസണ് നഷ്ടമായി.
പരിക്കിനെത്തുടര്‍ന്ന് കുറച്ചുകാലമായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് വില്യംസണ്‍. എന്നാല്‍ ഏകദിന ലോകകപ്പിന് മുന്നോടിയായി വില്യംസണ്‍ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമാകുകയാണ്. വില്യംസണ്‍ ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് വില്യംസണ്‍ വ്യക്തമാക്കി.
' ഞാന്‍ പരിക്കില്‍ നിന്ന് മോചിതനായിവരികയാണ്. ഇപ്പോള്‍ മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കരിയറില്‍ ഇത്രയും വലിയ പരിക്കുണ്ടായിട്ടില്ല. ഈ യാത്ര കുറച്ച് ദൈര്‍ഘ്യമേറിയതായിപ്പോയി. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ വെച്ച് അത് നേടാനുള്ള പ്രയത്‌നത്തിലാണ്. ഓരോന്നും നേടിയെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വലുതാണ്. തിരിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് അത്ര എളുപ്പമല്ല എന്നെനിക്കറിയാം. എന്നാലും ഞാന്‍ മടങ്ങിവരാനായി പരമാവധി പരിശ്രമിക്കുന്നുണ്ട്'- വില്യംസണ്‍ വ്യക്തമാക്കി.
വില്യംസണിന്റെ വാക്കുകളില്‍ അദ്ദേഹം തീര്‍ച്ചയായും തിരിച്ചുവരുമെന്നതിന്റെ സൂചനകളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വില്യംസണ്‍ ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമില്‍ തിരിച്ചെത്തുമെന്നും പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു. 2015, 2019 ലോകകപ്പുകളില്‍ വില്യംസണിന്റെ പ്രകടനം ന്യൂസീലന്‍ഡിന് വലിയ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ന്യൂസീലന്‍ഡിനായി 161 ഏകദിനങ്ങള്‍ കളിച്ച താരം 47.85 ശരാശരിയില്‍ 6555 റണ്‍സെടുത്തിട്ടുണ്ട്. 13 സെഞ്ചുറികളും 42 അര്‍ധസെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നു.
Content Highlights: New Zealand captain Kane Williamson breaks silence on devastating injury blow ahead of World Cup
Published: 26 Jun 2023, 01:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented