കാഠ്മണ്ഡു: സിക്‌സിനു പറത്തിയ പന്ത് തിരിച്ചെത്തി സ്റ്റമ്പെടുക്കുന്നതു കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു പുറത്താവലിന്റെ കാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്ന നേപ്പാള്‍ - നെതര്‍ലന്‍ഡ്‌സ് ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്‍ നേപ്പാള്‍ ആറുവിക്കറ്റിന് ജയിച്ചു. നമീബിയയാണ് പരമ്പരയിലെ മറ്റൊരു ടീം. 

To advertise here,

19-ാം ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിനിടെയാണ് നാടകീയമായ സംഭവം. നെതര്‍ലന്‍ഡ്‌സ് താരം റീലോഫ് വാന്‍ ദെര്‍ മര്‍വെയായിരുന്നു ക്രീസില്‍. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ളത് വിവന്‍ കിങ്മ. നേപ്പാളിന്റെ ദീപേന്ദര്‍ സിങ് എറിഞ്ഞ പന്ത്, ലോങ് ഓണിലൂടെ സിക്‌സ് ലക്ഷ്യമാക്കി പറത്തിയതായിരുന്നു മര്‍വെ. സിക്‌സെന്നുറച്ച പന്ത്, പക്ഷേ, ബോര്‍ഡര്‍ ലൈനിന് തൊട്ടരികില്‍വെച്ച് കുശാല്‍ ഭര്‍ത്തല്‍ അവിശ്വസനീയമാം വിധം ചാടിത്തടുത്തു. ആറ് റണ്‍സ് നഷ്ടപ്പെട്ട നിരാശയില്‍ നെതര്‍ലന്‍ഡ്‌സ് ആരാധകര്‍. 

പക്ഷേ, നഷ്ടം അതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പന്ത് തടുത്തിട്ട ഭാര്‍ത്തല്‍, ഉടന്‍തന്നെ ബൗണ്ടറിക്കപ്പുറത്തുനിന്ന് എഴുന്നേറ്റുവന്ന് പന്ത് വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന് എറിഞ്ഞുനല്‍കി. ഈ സമയം ഡബിള്‍ എടുക്കുന്നതിനായി ക്രീസ് വിട്ട കിങ്മയെ ഒട്ടും പാഴാക്കാതെതന്നെ ആസിഫ് സ്റ്റമ്പ് ചെയ്തു പുറത്താക്കി. നാല് റണ്‍സോടെ കിങ്മ പുറത്തായി. 

മത്സരത്തില്‍ 19.3 ഓവറില്‍ 120 റണ്‍സാണ് നെതര്‍ലന്‍ഡ്‌സിന്റെ നേട്ടം. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 15.2 ഓവറില്‍ ആറ് വിക്കറ്റ് കൈയിലിരിക്കേ ജയം സ്വന്തമാക്കി. നാലോവറില്‍ 17 റണ്‍സ് വിട്ടുനല്‍കി നെതര്‍ലന്‍ഡ്‌സിന്റെ മൂന്ന് വിക്കറ്റെടുത്ത വിവിയന്‍ കിങ്മ തന്നെയാണ് മത്സരത്തിലെ ഹീറോ.