മുംബൈ: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ സെഞ്ചുറിയടിച്ച് ചരിത്രമെഴുതിയ അഭിഷേക് ശർമയെ അഭിനന്ദിച്ച് ഇന്ത്യയുടെ മുൻ താരം അജിങ്ക്യ രഹാനെ. ഗ്രൗണ്ടിനകത്തും പുറത്തും ഒരുപോലെ പോസിറ്റീവ് എനർജിയാണ് അഭിഷേക് പ്രകടിപ്പിക്കുന്നതെന്ന് രഹാനെ വ്യക്തമാക്കി.

To advertise here,

മറ്റുള്ളവർക്ക് മുന്നിൽ താൻ ആരാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്ന വ്യക്തിയല്ല അഭിഷേകെന്നും താൻ എങ്ങനെ മെച്ചപ്പെടണമെന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും രഹാനെ വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങൾ നന്നായി കളിച്ചാലും ഇല്ലെങ്കിലും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കും. പുറത്തുനിന്നുള്ള ഇത്തരം സംസാരങ്ങൾ എക്കാലവും തുടരുമെന്ന് അറിയാവുന്ന പക്വതയുള്ള ഒരു കളിക്കാരനും ബാറ്ററുമാണ് അഭിഷേക്. ഇത്തരം സംസാരങ്ങളെ കുറിച്ച് അഭിഷേക് വേവലാതിപ്പെടാറുമില്ല'-രഹാനെ കൂട്ടിച്ചേർത്തു.

മൂന്നാം ട്വന്റി 20യിൽ 34 പന്തുകളിൽ നിന്ന് 108 റൺസാണ് ഇന്ത്യൻ ഓപ്പണർ അടിച്ചുക്കൂട്ടിയത്. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഒരു താരം കുറിക്കുന്ന ഏറ്റവും വേഗതയേറിയ ട്വന്റി 20 സെഞ്ച്വറിയാണിത്. വെറും 30 പന്തുകളിലാണ് അഭിഷേക് ഈ നാഴികക്കല്ല് പിന്നിട്ടത്. ഒൻപത് ഫോറുകളും 11 സിക്‌സുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. അഭിഷേകിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെ 127 റൺസിന് തകർത്ത ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരി.