ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോഡ് വേട്ട തുടർന്ന് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്. ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയാണ് റൂട്ട് മറികടന്നത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് റൂട്ട് റെക്കോഡ് പട്ടികയിൽ മുന്നിലെത്തിയത്.
ലങ്കയ്‌ക്കെതിരേ 52 പന്തിൽ നിന്ന് 44 റൺസാണ് ഇംഗ്ലീഷ് ബാറ്ററുടെ സമ്പാദ്യം. മത്സരത്തിനിടെയാണ് താരം 23,000 റൺസ് തികച്ചത്. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡ് പട്ടികയിൽ മുന്നേറാൻ റൂട്ടിനായി. 521 ഇന്നിങ്‌സുകളിൽ നിന്നാണ് റൂട്ട് 23,000 റൺസെടുക്കുന്നത്. സച്ചിൻ 522 ഇന്നിങ്‌സുകളിൽ നിന്നാണ് 23,000 റൺസിലെത്തുന്നത്. ഇന്ത്യൻ താരം വിരാട് കോലിയാണ് പട്ടികയിൽ തലപ്പത്ത്. 490 ഇന്നിങ്‌സുകളിൽ നിന്നാണ് കോലിയുടെ നേട്ടം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികയ്ക്കുന്ന എട്ടാമത്തെ ബാറ്ററും ആദ്യ ഇംഗ്ലീഷ് താരവുമാണ് റൂട്ട്. സച്ചിനും കോലിക്കും പുറമേ രാഹുൽ ദ്രാവിഡും ഈ നേട്ടത്തിലെത്തിയ ഇന്ത്യൻ താരമാണ്. മുൻ ലങ്കൻ താരങ്ങളായ കുമാർ സംഗക്കാര, മഹേല ജയവർധന, ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്, മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ.
റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്നതിനിടെയാണ് മറ്റൊരു റെക്കോഡ് പട്ടികയിലും ഇടംപിടിക്കുന്നത്. നേരത്തേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ അർധ സെഞ്ചുറി നേടുന്ന താരമായി ജോ റൂട്ട് മാറിയിരുന്നു. സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ മറികടന്നത്. റൂട്ടിന്റെ അക്കൗണ്ടിൽ 69 അർധ സെഞ്ചുറികളായി. സച്ചിന്റെ പേരിൽ 68 അർധ സെഞ്ചുറികളാണുള്ളത്. ഇനി ടെസ്റ്റിലെ റൺവേട്ടക്കാരിൽ തലപ്പത്തെത്തുകയെന്ന ചരിത്രനേട്ടമാണ് റൂട്ടിനെ കാത്തിരിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സച്ചിന്റെ പേരിലാണ്. 329 ഇന്നിങ്‌സുകളിൽ നിന്ന് 15,921 റൺസാണ് സച്ചിന്റെ സമ്പാദ്യം. രണ്ടാമതുള്ള റൂട്ട് തൊട്ടടുത്തുതന്നെയുണ്ട്. 309 ഇന്നിങ്‌സുകളിൽ നിന്ന് 14,278 റൺസാണ് റൂട്ടിനുള്ളത്. സച്ചിനെ മറികടക്കാൻ റൂട്ടിന് വേണ്ടത് 1643 റൺസ് മാത്രമാണ്. റൂട്ട് മിന്നും ഫോം തുടരുകയാണെങ്കിൽ അടുത്തുതന്നെ ഈ റെക്കോഡ് സ്വന്തമാക്കും. റിക്കി പോണ്ടിങ്-13,378, ജാക്വസ് കാലിസ്-13,289, ദ്രാവിഡ്-13,288 എന്നിവരാണ് പട്ടികയിൽ തൊട്ടുപിറകിലുള്ളത്.
Content Highlights: joe Root became the second-fastest player to score 23,000 international runs., He achieved this milestone in 521 innings, surpassing Sachin Tendulkar's 522 innings
Published: 22 Sept 2026, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented