
നഗോയ: ഇന്ത്യക്കെതിരായ ടി20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജപ്പാൻ ടീമിനെ അഭിനന്ദിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ജപ്പാൻ മികവോടെ കളിച്ചെന്നും അവർ കാഴ്ചവെച്ച മനോഭാവം കുറ്റമറ്റതായിരുന്നുവെന്നും അയ്യർ മത്സരശേഷം പറഞ്ഞു. സ്റ്റേഡിയത്തിൽ എത്താൻ മൂന്ന് മണിക്കൂറോളം എടുത്തുവെന്നും മത്സരം കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. കഷ്ടിച്ച് രണ്ടു റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു നിലവിലെ ടി20 ചാമ്പ്യൻമാർ.
‘ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിന് ആശംസകൾ. സ്റ്റേഡിയത്തിൽ എത്താൻ ഞങ്ങൾ മൂന്ന് മണിക്കൂർ എടുത്തു, അത് വലിയ യാത്രയായിരുന്നു. മത്സരം കാണാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. അഞ്ച് ഓവർ മാത്രമായിരുന്നെങ്കിലും, ഞങ്ങൾക്ക് ഒരു മത്സരം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’ - ശ്രേയസ് അയ്യർ പറഞ്ഞു.
ആവേശകരമായ മത്സരമായിരുന്നുവെന്നും ജപ്പാന്റെ പ്രകടനവും മികച്ചതായിരുന്നുവെന്നും അയ്യർ കൂട്ടിച്ചേർത്തു. ‘ഉത്തരവാദിത്വമുണ്ടാകുമ്പോൾ സമ്മർദവുമുണ്ടാകും. ഞാൻ സമ്മർദത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്നയാളാണ്. അത് എപ്പോഴും ഇഷ്ടപ്പെടുന്നു. - അയ്യർ പറഞ്ഞു.
‘പന്ത് നന്നായി ടേൺ ചെയ്യുന്നുണ്ടായിരുന്നു. ബാറ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു അത്. സ്പിന്നിന്റെ വേഗത മനസ്സിലാക്കാൻ ഓപ്പണർമാർക്കും കഴിഞ്ഞില്ല. സിംഗിൾസും ഡബിൾസും എടുക്കുന്നത് എളുപ്പമാണെന്ന് ഞാൻ മനസിലാക്കി. ബാറ്റ് ചെയ്യാനെത്തിയ ബാറ്ററുമായി ആശയവിനിമയം നടത്തി. പന്തിനനുസരിച്ച് കളിക്കാനാണ് ഞാൻ തീരുമാനിച്ചത്. അഞ്ച് ഓവറുള്ള ഒരു കളി ഏത് നിമിഷവും മാറിമറിയാമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ജപ്പാൻ ടീം ഇന്ന് കാണിച്ച മനോഭാവം കുറ്റമറ്റതാണ്. അവർ ശരിയായ പാതയിലായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ പിച്ചിൽ കളിക്കുന്നത് മികച്ചൊരു പരിശീലനമായി.’- അയ്യർ വ്യകതമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജപ്പാൻ പിടിച്ചുകെട്ടുകയായിരുന്നു. വെടിക്കെട്ടിന് പേരുകേട്ട സഞ്ജു സാംസൺ (ഏഴു പന്തിൽ ഒമ്പത്), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (3) എന്നിവർ തുടക്കത്തിലേ മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രണ്ട് ഓവറിൽ 17 റൺസിന് രണ്ടു വിക്കറ്റെടുത്ത ചാർളി ഹാര ഹിൻസെയാണ് ഇന്ത്യയെ വിറപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ രണ്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. ഓപ്പണർ ലഫ്‌ലാൻ യമമോട്ടോ(1), ഇബ്രാഹിം ടകാഹാഷി(4) എന്നിവർ വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ കെൻഡെൽ ഫ്‌ളെമിങ്-ബെൻജമിൻ ഇട്ടോ-ഡേവിസ് സഖ്യം രക്ഷാപ്രവർത്തനം നടത്തി. മൂന്നാം ഓവറിൽ പത്ത് റൺസ് വന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി.
നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. പിന്നാലെ കെൻഡൽ 12 റൺസെടുത്ത് പുറത്തായി. നാലോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. അവസാനഓവറിൽ എട്ട് റൺസായിരുന്നു ജപ്പാന്റെ വിജയലക്ഷ്യം. അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. 30 റൺസിന് ജപ്പാൻ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യ രണ്ട് റൺസ് ജയത്തോടെ മടങ്ങി.
Content Highlights: India narrowly defeated Japan by 2 runs in a shortened T20 match in Nagoya., Captain Shreyas Iyer praised Japan's flawless attitude and fighting spirit
Published: 22 Sept 2026, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented