
സാനോ: ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ടി20 മത്സരത്തിനിറങ്ങിയ ഇന്ത്യ ജപ്പാനെതിരേ അനായാസജയമാണ് പ്രതീക്ഷിച്ചിരുന്നത്. ലോകചാമ്പ്യന്മാരുടെ പകിട്ടോടെ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് മുന്നിൽ ജപ്പാന് പിടിച്ചുനിൽക്കാനാവില്ലെന്ന് ഉറപ്പിച്ചിരുന്നു ആരാധകർ. മാത്രല്ല, ഇന്ത്യയാണ് ആദ്യ ബാറ്റിങ്ങിനിറങ്ങുന്നതെങ്കിൽ റെക്കോഡുകൾ പലതും കുറിക്കപ്പെടുമെന്നും പലരും പ്രവചിച്ചു. മഴ മാറി അഞ്ച് ഓവർ മാത്രമായി മത്സരം ചുരുക്കിയപ്പോഴും വെടിക്കെട്ട് പൂരമാണ് കരുതിയിരുന്നത്. എന്നാൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പ്രവചനങ്ങൾ അപ്പാടെ പാളി. 32 റൺസ് മാത്രമാണ് ലോകചാമ്പ്യന്മാർക്ക് കണ്ടെത്താനായത്. ഒടുക്കം ജപ്പാനെ 30 റൺസിൽ പിടിച്ചുകെട്ടി രണ്ട് റൺസ് ജയവുമായി ഇന്ത്യ രക്ഷപ്പെട്ടു.
ജപ്പാനിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിനായി ക്ഷണിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിൽ നേർക്കുനേർവരുന്ന ആദ്യ മത്സരം കൂടിയായിരുന്നു മഴയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ അഞ്ച് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 30 റൺസിലൊതുങ്ങി. കഷ്ടിച്ച് രണ്ടു റൺസിന്റെ ജയം സ്വന്തമാക്കുകയായിരുന്നു നിലവിലെ ടി20 ചാമ്പ്യൻമാർ. ടി20 ലോകചാമ്പ്യന്മാരെ വിറപ്പിച്ച ജപ്പാൻ നിസ്സാരക്കാരല്ല. ടി20 യിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പടുത്തുയർത്തിയത് ജപ്പാൻകാരാണ്. ആ ലോകറെക്കോഡ് ഇന്നും ആരും തകർത്തിട്ടില്ല.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ജപ്പാൻ അക്ഷരാർഥത്തിൽ പിടിച്ചുകെട്ടുകയായിരുന്നു. വെടിക്കെട്ടിന് പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിര ഒന്നും ചെയ്യാനാകാതെ നിരനിരയായി മടങ്ങി. ആദ്യ ഓവറിലെ അവസാനപന്തിൽ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങിയപ്പോൾ തന്നെ ജപ്പാൻകാർ ചില്ലറക്കാരല്ലെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞു. പിന്നാലെ സഞ്ജു സാംസൺ (ഏഴു പന്തിൽ ഒമ്പത്), ഇഷാൻ കിഷൻ (3) എന്നിവരും പുറത്തായതോടെ ഇന്ത്യ ഞെട്ടി. 12 പന്തിൽ നിന്ന് 16 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഇന്ത്യയെ 30 കടത്തിയത്. രണ്ട് ഓവറിൽ 17 റൺസിന് രണ്ടു വിക്കറ്റെടുത്ത ചാർളി ഹാര ഹിൻസെയാണ് ഇന്ത്യയെ വിറപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ രണ്ടോവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. ഓപ്പണർ ലഫ്‌ലാൻ യമമോട്ടോ(1), ഇബ്രാഹിം ടകാഹാഷി(4) എന്നിവർ വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ കെൻഡെൽ ഫ്‌ളെമിങ്-ബെൻജമിൻ ഇട്ടോ-ഡേവിസ് സഖ്യം രക്ഷാപ്രവർത്തനം നടത്തി. മൂന്നാം ഓവറിൽ പത്ത് റൺസ് വന്നതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി.
നാലാം ഓവറിൽ 7 റൺസും അടിച്ചെടുത്തു. പിന്നാലെ കെൻഡൽ 12 റൺസെടുത്ത് പുറത്തായി. നാലോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു ജപ്പാൻ. അവസാനഓവറിൽ എട്ട് റൺസായിരുന്നു ജപ്പാന്റെ വിജയലക്ഷ്യം. അക്ഷർ പട്ടേൽ പിടിമുറുക്കിയതോടെ അഞ്ചാം ഓവറിൽ അഞ്ച് റൺസ് മാത്രമാണ് ജപ്പാന് നേടാനായത്. 30 റൺസിന് ജപ്പാൻ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്ക് രണ്ട് റൺസ് ജയം.
ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങിയ ജപ്പാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഭാവിയിൽ തങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കുമെന്ന പ്രഖ്യാപനം കൂടി നടത്തിയാണ് മടങ്ങിയത്. ഇതിന് മുൻപേ തന്നെ ടി20 ക്രിക്കറ്റിൽ ലോകറെക്കോഡ് കുറിച്ച സംഘമാണ് ജപ്പാൻ. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പടുത്തുയർത്തിയ സംഘമാണ് ജപ്പാൻ. 2024 ൽ ചൈനയ്‌ക്കെതിരേ 258 റൺസ് കൂട്ടുകെട്ടാണ് ജപ്പാൻ ഓപ്പണർമാർ പടുത്തുയർത്തിയത്.
ലഫ്‌ലാൻ യമമോട്ടോയും കെൻഡെൽ കഡോവാക്കി-ഫ്‌ളെമിങ്ങും ചേർന്നാണ് അന്ന് വെടിക്കെട്ട് പൂരം നടത്തിയത്. ഇന്നും ടി20 ക്രിക്കറ്റിലെ ഏതൊരു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടാണിത്. അന്ന് ജപ്പാൻ ഓപ്പണർമാർ സ്വന്തമാക്കിയ ലോകറെക്കോഡ് തകർക്കാൻ ഒരു സഖ്യത്തിനും സാധിച്ചിട്ടുമില്ല. യമമോട്ടോയും കെൻഡെലും അന്ന് സെഞ്ചുറി കുറിച്ചു. യമമോട്ടോ 68 പന്തിൽ നിന്ന് 134 റൺസും കെൻഡെൽ 53 പന്തിൽ നിന്ന് 109 റൺസുമെടുത്ത് പുറത്താവാതെ നിന്നു. 20 ഓവറിൽ ജപ്പാൻ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തത് 258 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചൈന 78 റൺസിന് ഓൾഔട്ടായി. ജപ്പാൻ 180 റൺസ് ജയത്തോടെ മടങ്ങി. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്കിപ്പുറം ടി20 ലോകചാമ്പ്യന്മാരെ വിറപ്പിച്ച് മറ്റൊരു ഏട് കൂടി കൂട്ടിച്ചേർക്കുന്നു ജപ്പാൻ.
Content Highlights: India defeated Japan by a narrow margin of 2 runs in a rain-curtailed 5-over T20 match
Published: 22 Sept 2026, 06:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented