കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാനടെസ്റ്റ് മത്സരത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഇരുടീമുകളും നാലുമാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലാണ്. അവസാനടെസ്റ്റ് ആരംഭിച്ചിട്ടും നാലാം ടെസ്റ്റിലെ വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നേരത്തേ കളിനിര്‍ത്താനുള്ള സ്‌റ്റോക്‌സിന്റെ ആവശ്യം നിരസിച്ചത് ചര്‍ച്ചയാകുകയാണ്.
വിഷയത്തില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. കളി തുടരാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുണ്ട്. ഓസീസ് താരം നേതന്‍ ലയണാണ് വിഷയത്തില്‍ സ്‌റ്റോക്‌സിനെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ താരങ്ങളെ ഔട്ടാക്കണമായിരുന്നുവെന്നും സെഞ്ചുറി നേടാന്‍ അനുവദിക്കരുതായിരുന്നുവെന്നുമാണ് ലയണ്‍ പ്രതികരിച്ചത്.
അവരെ ഔട്ടാക്കണം. സെഞ്ചുറി നേടാൻ അനുവദിക്കരുതായിരുന്നു. ഇത് എല്ലായിപ്പോഴും ബാറ്റും ബോളും തമ്മിലുള്ള മത്സരമാണ്. ക്രിക്കറ്റ് അങ്ങനെയാണ് വേണ്ടത്, ബാറ്റും ബോളും തമ്മിലുള്ള മത്സരമാണ് കാണേണ്ടത്. അത് നിർണായകമാണ്. എല്ലാ ആരാധകരും അതുതന്നെയാണ് കാണാൻ ആഗ്രഹിക്കുന്നത്. മാഞ്ചെസ്റ്ററിൽ സംഭവിച്ചത് കാണാൻ അവർ ആഗ്രഹിക്കുന്നില്ല. - ലയൺ പറഞ്ഞു.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേ, സമനിലയിൽ പിരിയാൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തയ്യാറായെങ്കിലും ഇന്ത്യ കളി തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കളി സമനിലയിൽ അവസാനിപ്പിക്കാനായി കൈ നീട്ടിക്കൊണ്ട് സ്റ്റോക്സ് മുന്നോട്ടുവന്നെങ്കിലും ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വഷിങ്‌ടൺ സുന്ദർ (80), ജഡേജ (89) എന്നീ സ്കോറുകളിലായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടത് ഇംഗ്ലണ്ട് ടീമിന് അസംതൃപ്തിയുണ്ടാക്കി. ഇംഗ്ലണ്ട് താരങ്ങളുടെ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്റ്റോക്‌സ് ജഡേജയോട് അല്‍പ്പം പരുഷമായാണ് പെരുമാറിയത്. സെഞ്ചുറി നേടണമെന്നുണ്ടായിരുന്നെങ്കില്‍ നേരത്തേ തന്നെ അത്തരത്തില്‍ ബാറ്റ് ചെയ്യണമായിരുന്നുവെന്ന് ഇംഗ്ലണ്ട് നായകന്‍ ജഡേജയോട് പറഞ്ഞു. ഹാരി ബ്രൂക്കിനെതിരേയും ബെന്‍ ഡക്കറ്റിനെതിരേയുമാണോ നിങ്ങള്‍ക്ക് ടെസ്റ്റ് സെഞ്ചുറി നേടേണ്ടതെന്നും സ്‌റ്റോക്‌സ് ജഡേജയോട് ചോദിച്ചു. ഞാന്‍ പോകുകയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജഡേജ മറുപടി നല്‍കി. കൈ കൊടുക്കൂവെന്ന് ക്രോളി പറഞ്ഞപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് ജഡേജ പറഞ്ഞു. പിന്നാലെ കളി തുടരുകയായിരുന്നു. രണ്ടുപേരും സെഞ്ചുറി തികച്ചതിന് ശേഷമാണ് കളി അവസാനിപ്പിച്ചത്.
Content Highlights: Nathan Lyon on Ben Stokes England handshake controversy india
Published: 31 Jul 2025, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented