ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 28 പന്ത് ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ജയിക്കാൻ 259 റൺസ് വേണ്ടിയിരുന്ന ഇന്ത്യ 45.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾഔട്ടായിരുന്നു.

To advertise here,

ഇന്ത്യയ്ക്ക് പത്തോവർ എത്തും മുൻപ് രോഹിത് ശർമയെ (21 പന്തിൽ 11 റൺസ്) നഷ്ടപ്പെട്ടെങ്കിലും ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നങ്കൂരമിട്ട് കളിച്ച് സ്കോർ മുന്നോട്ടുകൊണ്ടുപോയി. 75 പന്തിൽ നിന്ന് 80 റൺസ് നേടിയാണ് ഗിൽ പുറത്തായത്.

വലിയ പ്രതീക്ഷയിൽ വന്ന മറ്റൊരു മുൻ നായകനായ വിരാട് കോലിയും (ആറ് പന്തിൽ അഞ്ച് റൺസ്) നിരാശപ്പെടുത്തിയൊങ്കിലും ശ്രേയസ് അയ്യരും വാഷിങ്ടൺ സുന്ദറും ഇന്ത്യയെ സുരക്ഷിതമായ മുന്നോട്ടു നയിച്ചു. അയ്യർ 53 പന്തിൽ നിന്ന്  35 റൺസാണ് നേടിയത്. കെ.എൽ. രാഹുൽ ഒരു റണ്ണെടുത്ത് മടങ്ങിയപ്പോൾ ഇന്ത്യ പ്രതിസന്ധി മുന്നിൽ കണ്ടെങ്കിലും  53 പന്തിൽ നിന്ന് 52 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 52 പന്തിൽ നിന്ന് 57 റൺസെടുത്ത് അക്സർ പട്ടേലും ടീമിനെ വിജയതീരത്തെത്തിച്ചു. അക്സർ നേരത്തെ നാല് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങിയിരുന്നു.

 ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഏഴാം വിക്കറ്റിൽ ജോ റൂട്ടും ലിയാം ഡോസണും ചേർന്ന് നടത്തിയ മികച്ച കൂട്ടുകെട്ടാണ്  ഭേദപ്പെട്ട നിലയിലെത്തിച്ചത്.

61 റൺസിന് വിക്കറ്റൊന്നും നഷ്ടപ്പെടാത്ത നിലയിലായിരുന്ന ഇംഗ്ലണ്ട്. എന്നാൽ പിന്നീട് ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനത്തിന് മുന്നിൽ അവർ പതറി. 107 റൺസിന് ആറ് വിക്കറ്റ് നഷ്ടപ്പെട്ട് വലിയ തകർച്ചയെ നേരിട്ട അവരെ പരിചയസമ്പന്നരായ രണ്ട് താരങ്ങളുടെ രക്ഷാപ്രവർത്തനമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലിയാം ഡോസണും ജോ റൂട്ടും ചേർന്ന് ഏഴാം വിക്കറ്റിൽ 121 റൺസ് അടിച്ചുകൂട്ടി. 68 റൺസ് എടുത്ത ഡോസൺ പുറത്തായപ്പോൾ, 76 റൺസുമായി റൂട്ട് പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി അക്സർ പട്ടേൽ 62 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. പ്രസിദ് ക‍ൃഷ്ണ, ഗുർണൂർ ബ്രാർ എന്നിവർ രണ്ടും ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

പരമ്പരയിലെ 4 ടിട്വന്റി മത്സരങ്ങളിലും പരാജയം രുചിച്ച് മാനംകെട്ട ഇന്ത്യയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഏകദിനത്തിലെ വിജയം. വ്യാഴാഴ്ച കാർഡിഫിലാണ് രണ്ടാം ഏകദിനം.